അമേരിക്കന്‍ ഐഡല്‍ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ പുതിയ പതിപ്പിലെ പ്രകടനം ഇന്ത്യന്‍ വംശജയായ അലീസ്സാ രഘുവിനെ എത്തിച്ചിരിക്കുന്നത് പ്രശസ്തിയുടെ പുതിയ ഉയരങ്ങളിലാണ്. നീലക്കണ്ണുള്ള സുന്ദരിയെന്ന് കാറ്റി പെറി ഉള്‍പ്പടെയുള്ള ഗായകര്‍ വാഴ്ത്തിയ അലീസ്സയ്ക്ക് അമേരിക്കന്‍ ജനതയ്ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അങ്ങനെ പതിനാറുകാരിയായ ഈ ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഇപ്പോള്‍ അമേരിക്കയിലെ ചര്‍ച്ചാവിഷയം. അമേരിക്കന്‍ ഐഡലിന്റെ അവസാന റൗണ്ടിലെത്തിയ 24 മത്സരാര്‍ഥികളില്‍ ഒരാളാണ് അലീസ്സാ. അലീസ്സയുടെ ഓരോ റൗണ്ടിലെയും പ്രകടനങ്ങള്‍ അമ്പരപ്പോടെയാണ് വിധികര്‍ത്താക്കളും ആസ്വാദകരും കണ്ടത്.
പ്രശസ്ത സംഗീതജ്ഞരായ കാറ്റി പെറി, ലൂക്ക് ബ്രയാന്‍, ലയണല്‍ റിച്ചി എന്നിവരാണ് ഷോയുടെ വിധികര്‍ത്താക്കള്‍. അലീസ്സ ഒടുവില്‍ നടത്തിയ പ്രകടനത്തെ വിസ്മയമെന്നാണ് ഇവര്‍ വിശേഷിപ്പിച്ചത്. റിഹാനയുടെ ‘സ്റ്റേ’ എന്ന ഗാനമാണ് അലീസ്സ അന്ന് വേദിയില്‍ ആലപിച്ചത്. അലീസ്സയ്ക്കു വേണ്ടി ഉണ്ടാക്കിയ ഗാനമെന്നാണ് പാട്ടു കേട്ട ശേഷം വിധികര്‍ത്താക്കള്‍ പറഞ്ഞത്. വലിയ വേദിയില്‍ പതര്‍ച്ചയില്ലാതെ പാടിയ അലീസ്സയുടെ പക്വതയെയും ആസ്വാദകരെ കയ്യിലെടുക്കുന്ന പൊടിക്കൈകളെയും കാറ്റി പെറി വാനോളം പുകഴ്ത്തി. ‘വിന്‍ഡ് ബിനീത്ത് മൈ വിങ്‌സ്’ എന്ന ഗാനം പാടിയതോടെയാണ് അലീസ്സ ഷോയുടെ അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യക്കാരനായ ഹന്‍സ്‌രാജ് ഡെന്നിസ് രഘുനാഥനാണ് അലീസ്സയുടെ പിതാവ്. യു.എസ് എയര്‍ഫോഴ്‌സില്‍ ജോലിക്കാരനായിരുന്ന ഇദ്ദേഹം വേള്‍ഡ് ഓട്ടമോട്ടീവ് സെര്‍വീസസ് എന്ന കമ്പനിയുടെ ഉടമസ്ഥനാണ്. അലീസ്സയ്ക്കു രണ്ടു വയസ്സുള്ളപ്പോള്‍ രഘുനാഥനും ഭാര്യയും വേര്‍പിരിഞ്ഞു. പിന്നീടങ്ങോട്ട് അച്ഛനായിരുന്നു അലീസ്സയുടെ എല്ലാം. അച്ഛനാണ് തന്റെ സംഗീതവാസനയെ ഏറ്റവും കൂടുതല്‍ പിന്തുണച്ചതെന്നും അച്ഛന് അഭിമാനമാകാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഒരിക്കല്‍ അലീസ്സ പറഞ്ഞിട്ടുണ്ട്. ലോക പ്രശസ്ത ഷോയുടെ അവസാനഘട്ടത്തിലെത്തിയതോടെ അലീസ്സയ്ക്ക് ആരാധകരേറിയിരിക്കുകയാണ്. ഇനിയങ്ങോട്ടുള്ള കടമ്പകള്‍ എളുപ്പമല്ലെങ്കിലും ഇതിനോടകം തന്നെ ആളുകളുടെ മനസ്സില്‍ സ്ഥാനമുറപ്പിക്കാനായതില്‍ അലീസ്സയ്ക്ക് അഭിമാനിക്കാം.
Leave a Reply