താന്‍ അസുഖബാധിതനാണെന്ന അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തനിക്ക് യാതൊരു അസുഖവുമില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്നതൊക്കെ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. തന്റെ ആരോഗ്യം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം നടക്കുന്നുണ്ടെന്ന് പറഞ്ഞ ഷാ, തന്റെ ആരോഗ്യത്തിന് വേണ്ടി നിരവധി പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

“രാജ്യം കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പൊരുതിക്കൊണ്ടിരിക്കുകയാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ഞാന്‍ അതിന്റെ തിരക്കുകളിലായതിനാല്‍ ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് ഇക്കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ അവരുടെ സാങ്കല്‍പ്പിക കാര്യങ്ങളില്‍ അഭിരമിച്ചോട്ടെ എന്ന് ഞാനും കരുതി. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ വിശദീകരണമൊന്നും പുറപ്പെടുവിക്കാതിരുന്നത്.

എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംഷികളും എന്റെ കാര്യത്തില്‍ ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്. അവരുടെ ആശങ്കകളെ എനിക്ക് തള്ളിക്കളയാന്‍ സാധിക്കുകയില്ല. അതുകൊണ്ടു തന്നെ ഞാന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും എനിക്ക് ഒരു രോഗവുമില്ലെന്നും വ്യക്തമാക്കുകയാണ്”, തന്റെ ട്വീറ്റില്‍ അമിത് ഷാ വ്യക്തമാക്കി.

തന്റെ ആരോഗ്യസ്ഥിതിയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചവര്‍ക്കും അമിത് ഷാ നന്ദി പറഞ്ഞു.

“എന്റെ ആരോഗ്യത്തെക്കുറിച്ച് ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് എനിക്ക് യാതൊരു വിരോധവുമില്ല”, ഇന്നും ആഭ്യന്തര മന്ത്രി പറഞ്ഞു

ഇത്തരം അഭ്യൂഹങ്ങള്‍ ഒരാളുടെ ആരോഗ്യം ശക്തിപ്പെടുത്തുമെന്നാണ് ഹിന്ദു വിശ്വാസമെന്നും അമിത് ഷാ പറയുന്നു. “അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഇത്തരം അര്‍ത്ഥരഹിതമായ കാര്യങ്ങള്‍ ആളുകള്‍ ഉപേക്ഷിക്കുകയും എന്റെ ജോലി ചെയ്യാന്‍ എന്നെ അനുവദിക്കുകയും അതുപോലെ മറ്റുള്ളവര്‍ അവരുടെ ജോലി ചെയ്യുകയും ചെയ്യുക”.

അമിത് ഷായുടെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചതിന് ഗുജറാത്തില്‍ നാല് പേര്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്.

അമിത് ഷാ രോഗബാധിതനാണെന്നും അതുകൊണ്ടാണ് മുമ്പത്തേത് പോലെ സജീവമായി രംഗത്തില്ലാത്തതെന്നും സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരു യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടും അമിത് ഷാ രോഗബാധിതനാണ് എന്ന് പ്രചരണമുണ്ടായിരുന്നു.