കുടിയേറ്റ തൊഴിലാളികളുമായി എത്തിയ ട്രെയിൻ വിലക്കിയ സംഭവത്തിൽ പശ്ചിമബംഗാൾ സർക്കാരിനെ വിമർശിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജിക്ക് അമിത്ഷാ കത്തയച്ചു.
ട്രെയിനുകൾക്ക് അനുമതി നൽകാത്തതു പശ്ചിമ ബംഗാളിലെ കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണെന്നും തീരുമാനം അവർക്കു കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും അമിത് ഷാ കത്തിൽ വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിനു പശ്ചിമ ബംഗാൾ സർക്കാരിൽ നിന്നു പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ല. റെയിൽവേ നടത്തിക്കൊണ്ടിരിക്കുന്ന ’ശ്രമിക്’ ട്രെയിൻ സംസ്ഥാനത്ത് എത്താൻ ബംഗാൾ സർക്കാർ അനുവദിക്കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു. രണ്ടര ലക്ഷത്തോളം കുടിയേറ്റക്കാരെ ലോക്ക്ഡൗണിനിടയിൽ നാടുകളിലേക്കെത്താൻ കേന്ദ്രം സഹായിച്ചിട്ടുണ്ട്. നിസഹകരണം കുടിയേറ്റക്കാർക്കു പ്രയാസമുണ്ടാക്കുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പു നൽകി.
കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട കണക്കുകളെ ചൊല്ലിയും നടപടികൾ സംബന്ധിച്ചും കേന്ദ്രവും പശ്ചിമ ബംഗാൾ സർക്കാരും ഏറ്റുമുട്ടൽ തുടരുകയാണ്. അതിനിടെയാണ് അമിത് ഷാ മമതാ ബാനർജിക്ക് കത്തയച്ചത്. തൊഴിലാളികളെ എത്തിക്കുന്നതിനായുള്ള ട്രെയിൻ അനുവദിക്കുന്നതിനു സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമാണ്.
കേരളമടക്കം പല സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന പശ്ചിമ ബംഗാളിലെ തൊഴിലാളികൾക്ക് അവിടത്തെ സർക്കാർ അനുമതി നൽകാത്തതിനെത്തുടർന്ന് ട്രെയിൻ ഏർപ്പാടാക്കാൻ സാധിച്ചിരുന്നില്ല.
Leave a Reply