കൂട്ടുകാർക്കൊപ്പം വനത്തിലെത്തിയ യുവാവ് മരിച്ച നിലയിൽ; യുവാക്കളുടെ മൊഴിയിൽ ദുരൂഹത, പോലീസ് കസ്റ്റഡിയിൽ

കൂട്ടുകാർക്കൊപ്പം വനത്തിലെത്തിയ യുവാവ് മരിച്ച നിലയിൽ; യുവാക്കളുടെ മൊഴിയിൽ ദുരൂഹത, പോലീസ് കസ്റ്റഡിയിൽ
March 03 16:11 2021 Print This Article

കൂട്ടുകാർക്കൊപ്പം വനത്തിനുള്ളിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് ചന്തക്കുന്ന് ലക്ഷംവീട് കോളനിയിൽ എആർ നിവാസിൽ റഷീദിന്റെയും അമ്മിണിയുടെയും മകൻ അംജിത്(30)നെയാണ് വനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ ഭരതന്നൂർ കല്ലുമല മേഖലയിലെ വനത്തിലാണ് മൃതദേഹം കണ്ടത്. കൂട്ടുകാർക്കൊപ്പമാണ് അംജിത് കൊടും വനത്തിലെത്തിയത്. തുടർന്ന് ഓട്ടേറിക്ഷാ ഡ്രൈവറുടെ ഫോൺ വാങ്ങി കോൾ ചെയ്യുന്നതിനായി അംജിത് വനത്തിനുള്ളിലേക്ക് നടന്നു നീങ്ങുകയായിരുന്നു. എന്നാൽ ഏറെ നേരത്തിന് ശേഷവും അംജിത് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് കൂട്ടുകാരുടെ മൊഴി.

ഒടിഞ്ഞു വീണ് ചരിഞ്ഞ അക്കേഷ്യ കമ്പിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടതെന്നും ജീവനുണ്ടെന്നു സംശയിച്ച് കെട്ടഴിച്ചിറക്കിയെന്നും മരണം സംഭവിച്ചുവെന്ന് മനസ്സിലാക്കിയതിനെത്തുടർന്നു പൊലീസിൽ വിവരമറിയിച്ചുവെന്നും സുഹൃത്തുക്കൾ പൊലീസിനോടു പറഞ്ഞു. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടിപ്പർ ലോറി ഡ്രൈവറാണ് മരിച്ച അംജിത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു കാരണവും ഇല്ലാതെ മൂവർ സംഘം കൊടും വനത്തിലെത്തിയതിനെ പൊലീസ് സംശയിക്കുന്നു. അംജിത് ധരിച്ചിരുന്ന കൈലിമുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയിരിക്കുന്നത്. വളരെ താഴ്ന്ന നിലയിലാണ് മുണ്ട് കെട്ടിയിരിക്കുന്നത്. കാലിൽ ചെരുപ്പ് ധരിച്ചിട്ടുണ്ട്. തറയിൽ മലർന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം.

ധരിച്ചിരിക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ ഒരു മൊബൈൽ ഫോണുമുണ്ട്. ഓട്ടോയിൽ രണ്ടു പേരെ ഫോറസ്റ്റ് വാച്ചർമാരും കണ്ടിരുന്നു. എന്നാൽ മരിച്ചയാളെ ഇവർ കണ്ടിരുന്നില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിനോടു വ്യക്തമാക്കി. വിദഗ്ധ സംഘത്തിന്റെ വിശദ പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയയ്ക്കും

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles