കൊച്ചി: കോടതിവിധി വരുന്നതിന് മുമ്പായി ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ പിളര്‍പ്പ് ശക്തിപ്രാപിക്കുന്നു. ദിലീപിനെ തിരിച്ചെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും ജനറല്‍ ബോഡി വിളിക്കണം എന്നാവശ്യപ്പെട്ട് സംഘടനയിലെ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ സംഘടനയുടെ സെക്രട്ടറി ഇടവേളബാബുവിന് കത്തു നല്കി.
പ്രധാനമായും നാലു കാര്യങ്ങളാണ് കത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ദിലീപിനെ തിരിച്ചെടുത്തത് വീണ്ടും ചര്‍ച്ച ചെയ്യണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഇതുവരെ അമ്മ എന്തു നടപടി സ്വീകരിച്ചു. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി അമ്മ ഇതുവരെ എന്തു ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നതിന് പുറമേ ജൂലൈ 13 നോ 16 നോ ജനറല്‍ബോഡി വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ഇവര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
ഡബ്ള്യൂസിസിയില്‍ പിളര്‍പ്പില്ലെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് കത്ത്. അംഗത്വം രാജിവെച്ച് നാലു നടിമാര്‍ പുറത്ത് പോയപ്പോള്‍ അമ്മയില്‍ തുടര്‍ന്ന് കൊണ്ട് മറ്റ് ഡബ്ള്യൂസിസി അംഗങ്ങള്‍ പോരാട്ടം തുടരുമെന്ന സൂചനയും കത്ത് നല്കുന്നു. അമ്മ സംഘടനയില്‍ തുടരുന്ന ഡബ്ള്യൂസിസി അംഗങ്ങളായ നടിമാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് സൂചിപ്പിക്കുന്നതാണ് കത്ത്. കോടതി വിധി വരും മുമ്പ് തന്നെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു പേരാണ് കഴിഞ്ഞ ദിവസം പുറത്തു പോയത്.
ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലെ അമര്‍ഷം വരും ദിവസങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും എന്ന സൂചനയാണ് കത്ത് നല്‍കുന്നത്. നിലപാട് തിരുത്തിയില്ലെങ്കില്‍ ഒരുപക്ഷേ കൂടുതല്‍ പേര് പുറത്തു പോകാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം രാജിവെച്ചവര്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ അമ്മ നേതൃത്വവും അങ്കലാപ്പിലാണ്.
ഡബ്ള്യൂസിസിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി നേരത്തേ ഒപ്പമുണ്ടായിരുന്ന യുവനടന്മാരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം ശക്തമായി നേരത്തേ പ്രതികരിച്ചവരാണ്. എന്നാല്‍ പുതിയ വിവാദം പുറത്തു വന്ന ശേഷം ഇവരാരും പരസ്യപ്രതികരണം നടത്തിയിട്ടില്ല. സിനിമയ്ക്ക് പുറത്തുള്ളവര്‍ പോലും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണെങ്കിലും അമ്മ ഭാരവാഹികളും ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
Leave a Reply