നടിയെ ആക്രമിച്ച കേസില്‍ ജയിലിലിലായതോടെ നടന്‍ ദിലീപിനെ പുറത്താക്കാന്‍ മുന്നില്‍ നിന്ന യുവതാരങ്ങള്‍ക്ക് പണികിട്ടുമെന്ന് റിപ്പോര്‍ട്ട്. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ശക്തമായ നിലപാട് സ്വീകരിച്ച നടന്‍ പൃഥ്വിരാജ്, നടി രമ്യാ നമ്പീശന്‍ എന്നിവരെ പുറത്താക്കണമെന്നാണ് ആവശ്യം. സൂപ്പര്‍ താരങ്ങളുടെ പിന്തുണയോടെയാണ് നീക്കം നടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
താരസംഘടനയെ പൊതുസമൂഹത്തില്‍ കരിവാരി തേക്കുന്ന നിലപാടാണ് ഇരുവരുടേയും ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിമര്‍ശനം. ഇതാണ് ഇരുവര്‍ക്കുമെതിരായ സംഘടിത നീക്കത്തിന് കാരണം. ദിലീപിനെ കോടതി ശിക്ഷിക്കുന്നത് വരെ അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തരുതെന്നാണ് പിന്തുണയ്ക്കുന്ന താരങ്ങളുടെ നിലപാട്. നടന്‍ സിദ്ദിഖ് ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു.
നേരത്തെ നടന്‍ ജഗതി ശ്രീകുമാര്‍ വിതുര പെണ്‍വാണിഭ കേസില്‍ പ്രതിയായ കാര്യവും ദിലീപ് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ പ്രതിയാക്കിയപ്പോള്‍ ജഗതിയെ കല്ലെറിഞ്ഞവര്‍ക്ക് പിന്നീട് വിധി വന്നപ്പോള്‍ നിലപാട് തിരുത്തേണ്ടി വന്നുവെന്ന് ഈ വിഭാഗം പറയുന്നു. ദിലീപിനെ സസ്‌പെന്‍ഷനില്‍ നിര്‍ത്തിയാല്‍ മതിയായിരുന്നു എന്നാണ് ഇവരുടെ നിലപാട്.
ദിലീപിനെ പുറത്താക്കണമെന്ന് ശക്തമായ നിലപാട് സ്വീകരിച്ച പൃഥ്വിരാജ്, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രധാന നോട്ടപ്പുള്ളികള്‍. ആസിഫ് അലി ആദ്യം എതിര്‍ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി. മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ് എന്നിവരും കാര്‍ക്കശ്യക്കാരായ യുവതാരങ്ങള്‍ക്കൊപ്പം ഒത്തുപോകാനാകില്ലെന്ന നിലപാടിലാണ്.
Leave a Reply