മലയാറ്റൂരിനടുത്തുള്ള തട്ടുപാറപ്പള്ളിയുടെ മുൻപിൽ പരന്നു കിടക്കുന്ന പാറപ്പുറം… പുരാതനവും മനോഹരവുമായ കൊച്ചുപള്ളിയെപൊതിഞ്ഞ് നിൽക്കുന്ന കോടമഞ്ഞ്… ചുറ്റും കണ്ണുകൾക്ക് സുന്ദരമായ വിരുന്നൊരുക്കി പ്രകൃതി… ആരെയും കൊതിപ്പിക്കുന്ന ഈ ദൃശ്യഭംഗിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ഗാനത്തിന് നൃത്താവിഷ്കാരം നല്കാൻ ഫാ. ഡാനിയേൽ തയ്യാറെടുത്തു… പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഇമ്പമാർന്നൊരു ഗാനം അന്തരീക്ഷത്തിന് സ്വർഗീയദീപ്തി പകർന്നു… ചടുലമായ ചുവടുവയ്പുകളോടെ അച്ചൻ പരിശുദ്ധ അമ്മയുടെ അപദാനങ്ങൾക്ക് ജീവൻ പകർന്നു… നടനവൈഭവത്തിന്റെ വിസ്മയക്കാഴ്ചകളിൽ ക്രിസ്തുവിന്റെ കാൽവരി ബലിയുടെ പുനരാവിഷ്കാരം!
3M പ്രൊഡക്ഷൻസിന്റെ (3M Productions) “അമ്മയിലൂടെ അൾത്താരയിലേക്ക്” എന്ന ആൽബത്തിനുവേണ്ടിയുള്ള ചിത്രീകരണം അത്രമേൽ വശ്യതയാർന്നതായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ മാസംഇക്കഴിഞ്ഞ ഒക്ടോബർ മാസം ആൽബം പുറത്തിറക്കിയപ്പോഴോ കാഴ്ചക്കാരുടെ പ്രവാഹമായിരുന്നു; ആൽബം ഒരുക്കിയവർക്ക് അഭിന്ദനത്തിന്റെ പെരുമഴയും.
വൈദികരുടെ രാജ്ഞിയായ മറിയത്തിന് ജപമാലമാസത്തിൽ അഭിഷിക്തരുടെ, ക്രിസ്തുവിന്റെ പുരോഹിതരുടെ സ്നേഹസമ്മാനമായിട്ടാണ് ഭക്തിഗാനരംഗത്തെ പുതുവസന്തമായ റോസീന പീറ്റി ഈ ഗാനം രചിച്ചത്. നഴ്സിംഗ് ജോലിക്കിടയ്ക്കും ഇത്രമേൽ മനോഹരമായി വാക്കുകൾ അടുക്കി വയ്ക്കുവാനും, ചിന്തകൾ ചിന്തേറിട്ട് മിനുക്കുവാനും കഴിയുന്നത് അത്ഭുതം തന്നെ. ആഴമായ ധ്യാനമില്ലാതെ പരിശുദ്ധ അമ്മയുടെ ജീവിതത്തെ വിശുദ്ധ കുർബാനയുമായി, വിശുദ്ധ കുര്ബാന അർപ്പണവുമായി ബന്ധിപ്പിക്കുവാൻ സാധിക്കുകയല്ലല്ലോ!
ഭാവതീവ്രമായ ഈ ഗാനം ഫാ. മാത്യൂസ് പയ്യപ്പിള്ളി എം സി ബി എസ് -ന്റെ കൈകളിൽ ചെന്നെത്തിയത് തീർച്ചയായും ദൈവപരിപാലനയാണ്. ഈ ഗാനത്തിന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തീർച്ചയായും ഉണ്ട്. അല്ലെങ്കിൽ, ആത്മാവിനെ സ്പർശിക്കുന്ന ഈണം ഈ ഗാനത്തിന് നൽകുവാൻ അച്ചന് കഴിയുമായിരുന്നില്ല. 400 ഓളം ഗാനങ്ങൾക്ക് ഈണം പകർന്നുകൊണ്ട് ക്രൈസ്തവ ഭക്തിഗാനരംഗത്ത് ഇതിനകം ചുവടുറപ്പിച്ചു കഴിഞ്ഞ ഫാദർ മാത്യുസിന്റെ ഈ പുതിയ മരിയൻ ഗാനം സോഷ്യൽ നെറ്റ്‌വർക്കിൽ നിറഞ്ഞു നിൽക്കുകയാണ്. സംഗീതംകൊണ്ട് ചിത്രം രചിക്കുന്ന മാന്ത്രികത നിറഞ്ഞുനിൽക്കുന്നുണ്ട് ഈ ഗാനത്തിൽ. പല്ലവിയിലെ “അടിപതറാതെ ശിരസ്സുയർത്തി നിന്ന കുരിശിൻ ചുവട്ടിലെ ധീരസ്ത്രീയേ” എന്ന് പാടുമ്പോൾ സംഗീതംകൊണ്ട് ചിത്രം രചിക്കുന്ന മാന്ത്രികതയാണ് കേൾക്കുന്നവർക്ക് അനുഭവപ്പെടുന്നത്. സംഗീതത്തിൽ നാടകീയത കൊണ്ടുവരാൻ കഴിഞ്ഞതുകൊണ്ടാണ് അനുപല്ലവി അത്രയ്ക്കും ഇമ്പമാർന്നതായി നമുക്ക് അനുഭവപ്പെടുന്നത്. വൈകാരികതയുടെ മലവെള്ളപ്പാച്ചിൽ സംഗീതത്തിലൂടെ അനുഭവവേദ്യമാക്കാൻ കഴിയുന്ന വളരെ ചുരുക്കം സംഗീത സംവിധായകരിൽ ഒരാളാണ് ഫാ. മാത്യൂസ്. ക്രൈസ്തവഭക്തിഗാനത്ത് സഭയുടെ അഭിമാനമാണ് അച്ചൻ.
പരിശുദ്ധ അമ്മയിലെന്നപോലെ, ക്രിസ്തുവിന്റെ പൗരോഹിത്യത്തിലൂടെ വിശുദ്ധ കുർബാനയുടെ വേളയിൽ വീണ്ടും ദൈവം മാംസം ധരിക്കുന്ന അത്ഭുതത്തിന്റെ നൃത്താവിഷ്കാരം ഒരു വൈദികനിലൂടെ തന്നെ സംഭവിച്ചത് ആരുടെ പുണ്യമാണോ, എന്തോ. ഫാ. ഡാനിയേൽ വാരുമുത്ത് സംഗീത നൃത്താസ്വാദകർക്ക് ഒരു മുത്ത് തന്നെയാണ്. എത്ര ചാരുതയോടെയാണ് അഅച്ചൻ ഈ ഗാനത്തിന്റെ നൃത്താവിഷ്കാരം നിർവഹിച്ചിരിക്കുന്നത്. മറ്റൊരാളുടെ സഹായമില്ലാതെയാണ് ഇതിന്റെ കോറിയോഗ്രഫി അച്ചൻ ചെയ്തിരിക്കുന്നത് എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു.
ചെറുപ്പം മുതലേ നൃത്തത്തോട് താത്പര്യമുണ്ടായിരുന്ന ഫാ. ഡാനിയേൽ ചാലക്കുടിയിലെ ഫാസിൽ (FASS) ആണ് നൃത്തം പഠിച്ചത്. ഈ മരിയൻ ഗാനത്തിന് ഭരതനാട്യത്തിന്റെ രീതിയാണ് അച്ചൻ അവലംബിച്ചിരിക്കുന്നത്. ക്രൈസ്തവ ആശയങ്ങളും, സുവിശേഷ സന്ദേശങ്ങളും പ്രചരിപ്പിക്കുവാനുള്ള ഒരു വിനിമയോപാധിയായി ഭാരതനാട്യത്തെ ഉപയോഗിക്കുകയെന്ന വലിയൊരു സങ്കൽപ്പമാണ് അച്ചനുള്ളത്. കണ്ണിന് കൗതുകവും, മനസ്സിന് കുളിർമയും നൽകുന്ന നൃത്തചുവടുകളിലൂടെ, അർത്ഥം തുളുമ്പി നിൽക്കുന്ന മുദ്രകളിലൂടെ, വികാരങ്ങൾ പ്രകാശിതമാകുന്ന ഭാവങ്ങളിലൂടെ ക്രിസ്തുവിന്റെയും പരിശുദ്ധ അമ്മയുടെയും ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ നാമറിയുന്നു കല മതത്തിനതീതമാകുന്നുവെന്ന സത്യം! ഒരു നവ സുവിശേഷവത്കരണത്തിന് ഭരതനാട്യത്തെ പ്രയോജനപ്പെടുത്തുകയെന്ന അച്ചന്റെ സ്വപ്നം സഫലമാട്ടെയെന്ന് നമുക്ക് ആശംസിക്കാം.
ദേവാനന്ദ് എസ്. പിയുടെ ശബ്ദം ഈ ഗാനത്തെയും, ഇതിന്റെ നൃത്താവിഷ്കാരത്തെയും മധുരതരമാക്കുന്നു. ബാജിയോ ബാബു ക്‌ളാസിക്കൽ സംഗീതത്തിന്റെ സാദ്ധ്യതകൾ നന്നായി പ്രയോജനപ്പെടുത്തിയാണ് ഈ ഗാനത്തിന്റെ നിർവഹിച്ചിരിക്കുന്നത്.
പരിശുദ്ധ അമ്മയുടെ തോരാത്ത പ്രാർത്ഥന ഓരോ അഭിഷിക്തന്റെയും കരങ്ങളെ ശക്തിപ്പെടുത്തുന്നുണ്ടെന്ന സന്ദേശം പകർന്നുകൊണ്ട്, പൗരോഹിത്യം ശക്തമായ വെല്ലുവിളികൾ അകത്തുനിന്നും പുറത്തുനിന്നും നേരിടുന്ന ഇക്കാലത്ത് ഈ ആൽബത്തിന്റെ പ്രസക്തി ഏറെയാണ്.
https://www.youtube.com/watch?v=IcQ6v8OcuN8
Leave a Reply