കോളേജ് അധികൃതരുടെ പീഡനമാണ് അമൃതാ സര്‍വ്വകലാശാലയുടെ ബംഗളൂരു ക്യാംപസിലെ വിദ്യാര്‍ത്ഥി ശ്രീഹര്‍ഷ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ബെലന്തൂര്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന വിശാഖപട്ടണം സ്വദേശി ശ്രീഹര്‍ഷ കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ മാതാ അമൃതാനന്ദമയി നേരിട്ടെത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ നടത്തുകയാണ്. ഈ കഴിഞ്ഞ സെപ്തംബര്‍ 22 നു ഹോസ്റ്റലിലെ മോശം ഭക്ഷണം, വെള്ള ക്ഷാമം എന്നിവയില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പരാതി കേള്‍ക്കാം എന്ന് വാക്ക് നല്‍കിയ ക്യാമ്പസ് ഡയറക്ടര്‍ വിദ്യാര്‍ത്ഥികളെ മീറ്റിംഗിന് വിളിച്ചു. പരാതികള്‍ക്ക് സ്വാമിജിയുടെ പ്രതികരണം ഭക്തി നിറഞ്ഞതായിരുന്നു.
പുരാതന കാലങ്ങളില്‍ മനുഷ്യര്‍ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു പോന്നു. അന്ന് വെള്ളമില്ലാതിരുന്ന സാഹചര്യങ്ങള്‍ ഒക്കെ അവര്‍ക്കു തരണം ചെയ്യാന്‍ സാധിച്ചു. ചന്ദ്രയാന്‍ വിക്ഷേപണം വിജയിച്ചില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുന്നു. ഇത്ര വലിയ പ്രശ്‌നങ്ങള്‍ നാം നേരിടുമ്പോള്‍ ഈ കുടിവെള്ളം ഒക്കെ ഒരു പ്രശ്‌നമാണോ? എന്നിങ്ങനെയായിരുന്നു സ്വാമിജിയുടെ ന്യായീകരണങ്ങള്‍.
തങ്ങളുടെ പരാതികള്‍ ഒന്നും പരിഹരിക്കരിക്കപ്പെടില്ലെന്നു ബോധ്യം വന്ന വിദ്യാര്‍ത്ഥികള്‍ അന്ന് രാത്രി കോളേജിന്റെ ജനല്‍ ചില്ലുകളും, സിസിടിവിയും ഒക്കെ എറിഞ്ഞു പൊട്ടിച്ചു പ്രതിഷേധം രേഖപ്പെടുത്തി. അടുത്ത ദിവസം തന്നെ കോളേജ് കുറച്ചു ദിവസത്തേക്ക് അടച്ചിടുകയാണെന്ന നോട്ടീസ് വന്നു, ഒപ്പം ഹോസ്റ്റലിലെ സകല വിദ്യാര്‍ഥികളോടും വീട്ടിലേക്കു പോകാനും ആവശ്യപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു കോളേജ് തുറന്നപ്പോള്‍ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന് നോട്ടീസ് ലഭിച്ചിരുന്നു. അതില്‍ ഒരാളാണ് ശ്രീഹര്‍ഷ.
കോളേജ് അധികൃതരുടെ പീഡനത്തെത്തുടര്‍ന്നാണ് ഹര്‍ഷ ജീവനൊടുക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന് പിന്നാലെ ബാംഗ്ലൂര്‍ അമൃത കോളേജ് അടച്ചിട്ടു. നവംബര്‍ നാലുവരെ കോളേജ് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, കോളേജ് അടച്ചെങ്കിലും പിരിഞ്ഞു പോകാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിട്ടില്ല. അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ മാതാ അമൃതാനന്ദമയി നേരിട്ടെത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. മാത്രമല്ല, ശ്രീഹര്‍ഷയുടെ മരണത്തിനു ഉത്തരവാദികളായ അധ്യാപകരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ വേണം എന്നിവയൊക്കെയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍.
Leave a Reply