എം.ജി.ബിജുകുമാർ

ഏറ്റുമാനൂർ ക്ഷേത്രത്തിൽ തൊഴുത് പ്രസാദവും നെറ്റിയിലണിഞ്ഞ് ബസ് സ്റ്റേഷനിൽ എത്തിയപ്പോഴേക്കും മഴ തുടങ്ങിയിരുന്നു. ഇരുപത് മിനിറ്റോളം കാത്തു നിന്നതിനു ശേഷമാണ് വണ്ടിയെത്തിയത്. അതിൽ കയറിയിരുന്ന് സൈഡ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി മഴയും കണ്ടിരിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞത് അവന്റെ മുഖമായിരുന്നു.
“മാധവിന്റെ ”

അവൻ്റെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങിയാണ് ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചതും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് അതിനായി പുറപ്പെട്ടതും. നിരവധി ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയിരുന്ന തന്റെ വിഷമതകൾ മനസ്സിലാക്കിയപ്പോൾ മുതൽ അവൻ ആവശ്യപ്പെടുന്നതാണ് അമൃത ഹോസ്പിറ്റലിൽ തന്നെ പോകണമെന്നും ടോട്ടൽ ചെക്കപ്പ് നടത്തണമെന്നും.

അപ്രതീക്ഷിതമായി കിട്ടിയ സുഹൃത്തായിരുന്നു മാധവ്. ക്രമേണ സൗഹൃദം പ്രണയമായി മാറുകയും താൻ അവന്റെ ഹൃദയത്തുടിപ്പായി മാറുകയും ചെയ്തു. തൈറോയ്ഡ്, ഫൈബ്രോയിഡുകൾ എന്നുവേണ്ട മിക്ക രോഗങ്ങളും എന്നിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ഞാനിതൊന്നും ഗൗനിക്കാതെ മുന്നോട്ട് പോവുകയായിരുന്നു. ഈ രോഗങ്ങൾ ടീച്ചറായ തനിക്ക് അധ്യാപനത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കി തുടങ്ങിയപ്പോൾ മാധവാണ് ഇനി ഡോക്ടറെ കണ്ടേ പറ്റൂ എന്ന് കട്ടായം പറഞ്ഞ് ടിക്കറ്റ് ബുക്ക് ചെയ്തത്.

പുറത്ത് പെയ്യുന്ന മഴയുടെ ഇരമ്പൽ കാതിൽ നിറയുമ്പോഴും അതിൽ പെടാതെ ഒരു മൊഴി അവളുടെ ഉള്ളിൽ തട്ടി കുളിരു പടർത്തുന്നുണ്ടായിരുന്നു.

” നീ എന്റെ ഹൃദയത്തുടിപ്പല്ലേ നിനക്കെന്തെങ്കിലും പറ്റിയാൽ പിന്നെ എന്റെ ഹൃദയവും നിലച്ചു പോകില്ലേ !”
ഇമ വെട്ടാതെ തന്റെ കണ്ണിൽ നോക്കി നിന്ന് അവനത് പറയുമ്പോൾ അവനിലെ പ്രണയം മുഴുവൻ ആ മുഖത്തും കണ്ണിലുമായി തെളിയുന്നുണ്ടായിരുന്നു എന്ന് അമൃത ഓർത്തു.

”അവൻ എന്തിനായിരിക്കും എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്?”
ഉത്തരമില്ലാത്ത ചോദ്യം.

”അമ്മ എന്താണ് ആലോചിക്കുന്നത്?”
അടുത്തിരുന്ന മകന്റെ ചോദ്യം അമൃതയെ ചിന്തകളിൽ നിന്നുണർത്തിയപ്പോൾ അവളുടെ ബോധം ബസ്സിനുള്ളിലേക്ക് തിരിച്ചുവന്നു.
”ഒന്നുമില്ലെടാ”
അവൾ ഷാൾ എടുത്ത് മുഖം തുടച്ചു.

എൻജിനീയറിങ് കഴിഞ്ഞ് റിസൾട്ട് വരുന്നതും കാത്തിരിക്കുന്ന തന്റെ മകൻ നല്ല മാർക്കോടെ പാസാകും എന്നതിൽ തനിക്കും ഭർത്താവിന് തർക്കമില്ല. എങ്കിലും തുടർപഠനത്തിനു വിടണോ അതോ വിദേശത്ത് ജോലിക്ക് വിടണോ എന്ന കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല. വിദേശജോലിക്കായി ബന്ധുവിന്റെ നല്ല ഒരു ഓഫർ കിട്ടിയത് സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

ഓരോ സ്റ്റോപ്പുകളിലും ആൾക്കാർ ഇറങ്ങുകയും കയറുകയും ചെയ്തുകൊണ്ടേയിരുന്ന.
തൊട്ടുമുമ്പിൽ ഇരിക്കുന്ന സീറ്റിലെ പെൺകുട്ടികൾ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. അവരിൽ ഒരാളുടെ മൊബൈലിൽ നിന്ന് നല്ല ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി ഒഴുകിക്കൊണ്ടേയിരുന്നു.

“ആഷാഢം പാടുമ്പോൾ ആത്മാവിൻ രാഗങ്ങൾ….”
അവൾ ആ വരികൾ ശ്രദ്ധിച്ച് ഗാനം ആസ്വദിച്ചിരുന്നു.
ആഷാഢം മഴ മാസമാണ്. അമൃതവർഷിണി രാഗത്തിന് പ്രകൃതിയിൽ മഴപെയ്യിക്കാൻ കഴിവുണ്ടെന്നാണ് പറഞ്ഞു കേട്ടിരിക്കുന്നത്.
അവളുടെ ചിന്തകൾ ആ വഴിക്ക് മുന്നോട്ട് പോയി.

ബസ്സിനുള്ളിലെ ഗാനവും പുറത്തെ മഴയുടെ മൂളലും കേട്ട് അവൾ സീറ്റിലേക്ക് ചാരിയിരുന്നു.
മകൻ ഫോണിൽ എന്തൊക്കെയോ തിരഞ്ഞു പോകുന്നുണ്ടായിരുന്നു. അതെന്തെന്ന് അവൾ ശ്രദ്ധിച്ചതേയില്ല.

ബസ് സ്റ്റേഷനിൽ ഇറങ്ങി ഓട്ടോയിൽ ഹോസ്പിറ്റലിലേക്ക് എത്തിയപ്പോൾ ഡോക്ടറെ കാണുന്നതിന് മുമ്പ് ഡീറ്റൈൽസിനായി എൻക്വയറി വിഭാഗത്തിലേക്ക് പോകുന്ന മകനെ നോക്കിക്കൊണ്ട് അടുത്തുണ്ടായിരുന്ന കസേരയിൽ ഇരിക്കുകയായിരുന്നു അവൾ.
അപ്പോൾ അമൃത തന്റെ മുന്നിൽ സംസാരിച്ചു നിൽക്കുന്ന സുന്ദരിയായ പെൺകുട്ടിയെയും യുവാവിനേയും ശ്രദ്ധിച്ചു.

മജന്ത കളറിൽ കടും നീല പൂക്കൾ ഉള്ള ചുരിദാർ അണിഞ്ഞ് അവളുടെ മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. വലിയ കമ്മലൊക്കെ അണിഞ്ഞ് കണ്ണിൽ കരിമഷിയൊക്കെ എഴുതി, വലിയ പൊട്ട് തൊട്ട് അതിനു മുകൾഭാഗത്ത് ചന്ദനക്കുറിയും വരച്ച് നിൽക്കുന്ന ആ പെൺകുട്ടിയോടൊപ്പം ഭർത്താവാണെന്ന് തോന്നിക്കുന്ന യുവാവ് ആരെയോ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു.

അവർ കടന്നു പോയപ്പോൾ അമൃത മാധവിനെപ്പറ്റി ഓർത്തു. അവൾ ഫോണെടുത്ത് മാധവിനെ വിളിച്ചു.
“ഹലോ ..എത്തിയോ?” അവന്റെ ശബ്ദം അവളുടെ മുഖം പ്രകാശമാനമാക്കി.

” എത്തിയതേയുള്ളു. ഡോക്ടറെ കണ്ടിട്ട് വിളിക്കാം”
അവളുടെ മറുപടി.
” എല്ലാ കാര്യങ്ങളും വ്യക്തമായി ഡോക്ടറോട് പറയണം കേട്ടോ ?”
” ഉം”
‘ശരി”
അവൻ ഫോൺ കട്ട് ചെയ്തു.

തന്റെ മൂഡ് ഡിസ്റ്റർബ്ഡ് ആകുമ്പോഴൊക്കെ അത് കൂൾ ആക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്ന് അമൃത ഓർത്തു. രണ്ടുപേരുടെയും ചിന്തകളും മനോഭാവങ്ങളും പ്രവർത്തികളും ഒക്കെ സാമ്യം തോന്നിയിട്ടുണ്ട്.

എട്ട് വർഷമായി വിദേശത്തായിരുന്ന അവൻ നാട്ടിൽ ജോലി കിട്ടിയപ്പോഴാണ് തിരിച്ചെത്തിയത്. ഇടയ്ക്കെപ്പോഴോ എഴുതിയ ടെസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്നതിനുള്ള കത്ത് വന്നപ്പോഴേക്കും വേഗം തിരിച്ചുപോരുകയായിരുന്നു. വന്നിട്ട് മൂന്നു വർഷമാകുന്നുവെങ്കിലും തമ്മിൽ പരിചയപ്പെട്ടിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടേയുള്ളു. നേരത്തെ പരിചയപ്പെടേണ്ടതായിരുന്നു എന്നാണ് അവൻ എപ്പോഴും പറയാറുള്ളത്.

”എന്നെ പ്രണയിക്കാതിരിക്കുന്നതാണ് മാധവ് നിനക്ക് നല്ലത് ” ആദ്യമൊക്കെ ഞാൻ പറയുമായിരുന്നു.
അതെന്താണ് എന്നവൻ ചോദിക്കുമ്പോൾ
“എന്റെ പ്രണയം അഗ്നി പോലെ നിന്നെ പൊള്ളിച്ചേക്കാം..
ചിലപ്പോൾ മഞ്ഞുപോലെ നിന്നെ പൊതിഞ്ഞേക്കാം……
ഒരുപക്ഷേ ഒരു മൃദുലമായ തൂവൽ പോലെ നിന്റെ മാറിൽ പറ്റിച്ചേർന്ന് പറിച്ചെറിയാൻ പറ്റാത്തപോലെ….. ”

വാചകം പൂർണമാക്കും മുമ്പ് താൻ അവനെ നോക്കുമ്പോൾ മാധവിൻ്റെ കണ്ണുകൾ ഒന്നുകൂടി വിടർന്നതേയുള്ളു.

” നീ എന്നെ ഭ്രാന്തമായി സ്നേഹിക്കണം അമൃതാ…. ആ ഭ്രാന്തിൽ ജീവിച്ചു മരിക്കാനാണ് എനിക്കിഷ്ടം. അത്രത്തോളം ഒരു സ്വർഗ്ഗം എനിക്ക് കിട്ടാനില്ല”
അവൻ പുഞ്ചിരിയോടെ പറഞ്ഞ മറുപടി ഇന്നും കാതിലുണ്ട്.

ഉച്ചയോടു കൂടി ഡോക്ടറെ കണ്ട് വിഷമതകൾ ഒക്കെ വിവരിച്ചതിനു ശേഷം അദ്ദേഹം പെൽവിസ് സ്കാൻ ചെയ്യാനായി എഴുതിത്തന്നു. കോംപ്ലിക്കേറ്റഡ് കേസ് എല്ലാം ഡോക്ടർ നേരിട്ട് സ്കാൻ ചെയ്യാൻ വരും എന്നു പറഞ്ഞതിനാൽ മൂന്നരവരെ അതിനായി കാത്തിരിക്കേണ്ടി വന്നു.

സ്കാൻ ചെയ്യുന്നിടത്ത് നല്ല തിരക്കായിരുന്നു. അതിനാൽ കുറെ നേരം പുറത്തിരിക്കേണ്ടതായി വന്നു. ചെറുതായൊന്നു മയങ്ങി.
അൽപ്പസമയത്തിനു ശേഷം സ്കാൻ ചെയ്യുന്ന റൂമിനോട് ചേർന്ന് കർട്ടൻ ഇട്ട ഭാഗത്തേക്ക് കയറാൻ നേഴ്സ് വന്ന് ചുമലിൽ തട്ടി വിളിച്ച് പറഞ്ഞപ്പോൾ അവൾ അതിനുള്ളിലേക്ക് കയറി.

ആദ്യം കയറിയ പേഷ്യൻ്റ് ഇറങ്ങാൻ സമയമായതിനാൽ അടുത്ത പേഷ്യന്റിനെ കൂടി ആ കർട്ടൻ ഇട്ട ഭാഗത്തേക്ക് പുറത്തുനിന്ന നേഴ്സ് കയറ്റി നിർത്തി.

” പാന്റും പാൻ്റീസും അഴിച്ച് വെച്ചിട്ട് നിൽക്കുക. സമയം കളയരുത്. നല്ല തിരക്കാണ് വെളിയിൽ.”
അകത്ത് നിന്ന നേഴ്സിന്റെ നിർദേശം കേട്ട് രണ്ടുപേരും വസ്ത്രം ഉരിയുമ്പോൾ പരസ്പരം നോക്കി. അമൃത അവിടെ നിന്ന് പെൺകുട്ടിയുടെ ടോപ്പിന്റെ അടിഭാഗം വൃത്താകൃതിയിൽ തന്നെയാണെന്ന് ശ്രദ്ധിച്ചു.
അപ്പോഴാണ് തന്റേതിന്റെ സ്ലിറ്റ് മുകളിലേക്ക് കയറ്റിയ ചുരിദാർ ആണല്ലോ എന്ന് ശ്രദ്ധിച്ചത്. അത് മുഖത്തൽപം ജാള്യത പടർത്തി.

വൈബ്രേറ്റഡ് മോഡിലാക്കിയ ഫോൺ അഴിച്ചു വെച്ച പാന്റിനു മുകളിലേക്ക് വെച്ചു.. എന്നിട്ട് രണ്ടു കൈകൊണ്ടും രണ്ടു വശത്തെയും ടോപ്പിന്റെ സ്ളിറ്റ് ഭാഗം ചേർത്ത് പിടിച്ചു. അല്പനേരം അങ്ങനെ നിന്നപ്പോൾ ഫോണിൽ വൈബ്രേറ്റഡ് സൗണ്ട് തുടങ്ങി.
” മാധവ് ”
ഡിസ്പ്ലേയിൽ പേര് തെളിഞ്ഞു.
ചുരിദാറിൽ നിന്ന് വിട്ട് ഫോണെടുക്കാൻ അവൾ മടിച്ചു.
അപ്പോൾ അവൻ്റെ പറഞ്ഞിരുന്ന ചില വാചകങ്ങൾ മനസ്സിൽ മിന്നിത്തെളിഞ്ഞു.
“മൗനത്താൽ എരിയുന്ന സൂര്യനായി ചുട്ടുപൊള്ളിക്കുവാനും പരിഭവങ്ങളുടച്ച്
ഇടവപ്പാതിയായി കുളിരണിയിക്കുവാനും
ഒരേ സമയം
നിനക്ക് കഴിയുന്നത് നീ അത്രമേൽ ആഴത്തിൽ എന്നിൽ ആഴ്ന്നിറങ്ങിയതിനാലാണ് അമൃതാ ”
അതുകേട്ട് താനവൻ്റെ കണ്ണിലേക്ക് തന്നെ ഇമവെട്ടാതെ നോക്കിയിരുന്നത് അൽപ്പംമുമ്പ് കഴിഞ്ഞതുപോലെ ഓർക്കുന്നുണ്ട്.
“നിന്റെ നിശ്വാസങ്ങൾക്ക്
എന്റെ വിരഹാഗ്നിയെ കെടുത്തുവാനും
കാത്തിരിപ്പിൽ ഉതിരുന്ന നിനവുകളെ പൊള്ളിക്കാനും
കഴിയുന്നതും അതുകൊണ്ടുതന്നെയാണ് മാധവ്” അവൻ്റെ വാചകത്തിനൊപ്പം താൻ കൂട്ടിച്ചേർത്തതും മറന്നിട്ടില്ല.

തനിക്ക് മുമ്പ് സ്കാൻ ചെയ്യുന്ന റൂമിലുണ്ടായിരുന്ന പെൺകുട്ടിയുടെ ദൈന്യതയോടെയുള്ള കരച്ചിൽ വെളിയിലേക്ക് കേട്ട് തുടങ്ങി.

” റിമൂവ് ചെയ്യാൻ പറയല്ലേ ഡോക്ടർ’ പ്ലീസ്…! എങ്ങനെയെങ്കിലും ഈ കുട്ടി ജനിച്ചാൽ പിന്നെ എന്തുവന്നാലും എനിക്ക് പ്രശ്നമില്ല. ഡോക്ടർ പ്ലീസ് ”
അവൾ കേഴുകയാണ്.

“നിങ്ങൾ പറയുന്നതുപോലെ ഈസി അല്ല കാര്യങ്ങൾ. രണ്ടുമാസം കഴിയുന്നതേയുള്ളൂ ഇപ്പോൾ തന്നെ ഗർഭാശയത്തിൽ വലിയ ഒരു മുഴയാണ് കാണുന്നത്. നിങ്ങൾക്ക് കുട്ടിയെ ക്യാരി ചെയ്യാൻ സാധിക്കുകയില്ല.”
അവൾ കരച്ചിൽ തുടർന്ന് കൊണ്ടിരുന്നു.

” യൂട്രസ് റിമൂവ് ചെയ്യുകയേ നിവൃത്തിയുള്ളൂ.”
ഡോക്ടർ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“അങ്ങനെ പറയല്ലേ ഡോക്ടർ ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നു. എന്നെക്കാൾ നാല് വയസ്സു കുറവാണ് എന്റെ ഭർത്താവിന് . എല്ലാവരുടെയും എതിർപ്പോടുകൂടി വിവാഹിതരായ ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടായാൽ വീട്ടുകാരെല്ലാം പഴയതൊക്കെ മറന്നു ഒന്നിക്കുമെന്ന് പറഞ്ഞ് സന്തോഷത്തോടെ വെളിയിലിരിക്കുന്ന ഭർത്താവിനോട് ഞാൻ എങ്ങനെയാണ് ഡോക്ടർ ഇത് പറയുക ?”
അവൾ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു.

“വേറൊരു ആശുപത്രിയിലും പോയാൽ പോലും യാതൊരു രക്ഷയുമില്ലാത്ത കേസ് ആണിത്. നിങ്ങൾ കാര്യം പറയുന്നത് മനസ്സിലാക്കൂ.” ഇതൊക്കെ കേട്ടിട്ടും അവളുടെ കരച്ചിൽ നിന്നിരുന്നില്ല.
ഈ ഗർഭത്തിൻ്റെ സങ്കീർണതകളെപ്പറ്റി ഡോക്ടർ പെൺകുട്ടിയോട് പറഞ്ഞുകൊണ്ടേയിരുന്നു.

“കൂടുതൽ കോംപ്ലിക്കേഷൻ ആവല്ലേ എന്നാണ് എന്റെ പ്രാർത്ഥന.ഗർഭാശയ കാൻസറിനുള്ള സാധ്യതയും വളരെ കൂടുതലാണ്”

ഇനി ഒരിക്കലും ഒരു കുഞ്ഞ് എന്ന് സ്വപ്നം ഇല്ലാതെയാവുന്നതിലുള്ള സങ്കടമെല്ലാം അവളുടെ വാക്കുകളിൽ നിറയുന്നുണ്ടായിരുന്നു. അവളുടെ ഏങ്ങലടി നിലച്ചിരുന്നില്ല.

ഡബ്ബിങ്ങ് ആർട്ടിസ്റ്റുകളുടെ
ശബ്ദത്തിന് സമാനമായ അവളുടെ ശബ്ദം തന്റെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങുന്നതായി അമൃതയ്ക്ക് തോന്നി.

ശബ്ദത്തിൽ നിന്ന് തന്നെ അവൾ സുന്ദരി ആയിരിക്കുമെന്ന് അമൃത ഊഹിച്ചു.

തമ്മിൽ സംസാരിച്ചതിനുശേഷം ഭർത്താവിനോട് കാര്യഗൗരവം പറഞ്ഞിട്ട് സർജറിക്കുള്ള തീയതി തീരുമാനിക്കാൻ നിർദ്ദേശിച്ചിട്ട് ഡോക്ടർ അവളെ സ്കാൻ റൂമിന് പുറത്തേക്ക് അയച്ചു.

മിന്നായം പോലെ അവൾ പുറത്തേക്ക് വന്ന് ഡ്രസ് ധരിച്ച് ഇറങ്ങി പ്പോകുമ്പോൾ നീണ്ട മുടി പാറിപ്പറക്കുന്നുണ്ടായിരുന്നു. അവളുടെ സൈഡ് വ്യൂ കണ്ടപ്പോൾ കവിളിലൂടെ കണ്ണുനീർ തടസ്സം കൂടാതെ ഒഴുകുന്നത് കാണാമായിരുന്നു.

താൻ വന്നപ്പാേൾ കണ്ട സുന്ദരിയായ പെൺകുട്ടിയാണതെന്ന് അമൃത തിരിച്ചറിഞ്ഞു.

അവളുടെ ഭർത്താവ് ഈ ഗൗരവമേറിയ കാര്യം അറിയുമ്പോൾ അതെങ്ങനെ ഉൾക്കൊള്ളുമെന്ന് ഓർത്തപ്പോൾ അമൃതയ്ക്ക് വ്യസനം തോന്നി. അവൻ്റെ മനസ്സ് തകർന്നേക്കാം എന്നവൾ ചിന്തിച്ചു.

” അമൃത നായർ ”
അകത്തുനിന്ന് നേഴ്സ് പേര് വിളിച്ചപ്പോൾ അവൾ വേഗം സ്കാനിങ് റൂമിന്റെ അകത്തേക്ക് കയറി. സ്‌കാൻ റിപ്പോർട്ടുമായി ഡോക്ടറെ കണ്ടതിനുശേഷം ആശുപത്രിക്ക് പുറത്തേക്ക് ഇറങ്ങിവരുമ്പോഴും ആ പെൺകുട്ടി ഒരു നൊമ്പരമായി അമൃതയുടെ മനസ്സിൽ നിറയുന്നുണ്ടായിരുന്നു.

നഷ്ടങ്ങൾ എപ്പോഴും വേദന തന്നെയാണ് നമുക്ക് നൽകുന്നത്.
ചില നഷ്ടങ്ങൾക്ക് നമ്മെ ഏറെക്കാലം വല്ലാതെ വേദനിപ്പിക്കാനുമാവും എന്ന ചിന്ത അമൃതയിൽ നിറയുന്നുണ്ടായിരുന്നു.

വീട്ടിലെത്തിയതിനു ശേഷം മാധവിനെ വിളിക്കുമ്പോൾ അവൾക്ക് തൻ്റെ കാര്യങ്ങളെക്കാൾ പ്രാധാന്യത്തോടുകൂടി പറയാനുണ്ടായിരുന്നത് ആശുപത്രിയിൽ സ്കാനിങ്ങ് റൂമിൽ ഏങ്ങലടിച്ചു കരഞ്ഞ ആ പെൺകുട്ടിയെപ്പറ്റിയായിരുന്നു.

ഇരു കുടുംബങ്ങൾ തമ്മിൽ ഒരുമിക്കാനും തങ്ങളെ അംഗീകരിക്കാനും സാധിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്ന ഏക കച്ചിത്തുരുമ്പ് എന്നന്നേക്കുമായി ഇല്ലാതാവുന്നതിൻ്റെ വേദന അവർ എങ്ങനെ സഹിക്കുമെന്ന ആധി അമൃതയിലേക്ക് കടന്നിരുന്നു.

അവളുടെ യൂട്രസ് റിമൂവ് ചെയ്യാതിരിക്കുക എന്നത് ചിന്തിക്കുകയേ വേണ്ട. അത്രയ്ക്ക് സങ്കീർണമാണ് പ്രശ്നങ്ങളെന്ന് അവൾ മാധവിനെ ധരിപ്പിച്ചു.

ആ സംഭവം അമൃതയുടെ ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നുവെന്ന് മാധവിന് മനസ്സിലായി.

“മാധവ്..! ആ കുട്ടിയുടെ കരച്ചിൽ എൻ്റെ കാതുകളിൽ നിന്ന് വിട്ടൊഴിയുന്നില്ലെടാ… ”
അമൃത സങ്കടത്തോടെ പറഞ്ഞു.

അവളുടെ ചിന്തകൾ ഇതിൽ നിന്നുമടർത്തണമെന്ന് മാധവിന് തോന്നി.

” ഇത് ദു:ഖകരമായ ഒരു സംഭവം തന്നെയാണ്. എന്നു കരുതി നിൻ്റെ ചിന്തകൾ അതിൽ മാത്രം കേന്ദ്രീകരിച്ചിരിക്കാതെയിരിക്കൂ.ഇതിലുമേറെ വേദനകൾ സഹിക്കുന്ന നമ്മൾക്കൊക്കെ അറിയാവുന്നവരും അറിയാൻ വയ്യാത്തവരുമായ എത്രയോ ആൾക്കാർ ഉണ്ടായിരിക്കും നമുക്ക് ചുറ്റും.
ഒരു പക്ഷേ അവരുടെ തലയിണകൾക്ക് മാത്രമേ അവർ ഏവരിൽ നിന്നും ലോകത്തിനു മുന്നിൽ മറച്ചുപിടിച്ചിരിക്കുന്ന ചില നൊമ്പരങ്ങളുടെ കണക്കുകൾ അറിയുകയുള്ളു”
അവൻ അവളെ ആശുപത്രിയിലെ സംഭവങ്ങളുടെ ചിന്തകളിൽ നിന്നുമടർത്താൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.

മാധവ് ഒന്നു നിശ്വസിച്ചിട്ട് വീണ്ടും പറഞ്ഞു തുടങ്ങി.
“എൻ്റെ ഒരു സുഹൃത്തുണ്ട്.കഥാകൃത്താണ്. അവനോട് പറഞ്ഞ് ഇതൊരു കഥയാക്കിയെഴുതാൻ പറയാം.”
അത് പറഞ്ഞു കഴിയുമ്പോൾ കഥകൾ ഇഷ്ടമുള്ള അമൃതയുടെ മറുപടിയിൽ നിന്നും അവളുടെ മനസ് കഥകളിലേക്ക് ചേക്കേറാൻ തുടിക്കുന്നതായി അവന് തോന്നി.

“ഈ ദുഃഖം എങ്ങനെ തരണം ചെയ്യുമെന്നും കഥയിലെഴുതി ചേർക്കാനും അവനോടു പറയാമല്ലോ.”
അവൻ്റെ വാക്കുകൾ ഒരു മൂളലോടെ അവൾ അംഗീകരിച്ചു.
അപ്പോഴേക്കും മഴയെത്തിയിരുന്നു.
തുടർന്ന് പല കാര്യങ്ങളിലൂടെ സംസാരം നീണ്ടു പോകുമ്പോഴും അമൃതയുടെ ഉള്ളിലെ ചിന്ത ഇനിയെന്നാണ് ആ കഥയൊന്നു വായിക്കാൻ കഴിയുക എന്നതായിരുന്നു.

മഴമേഘങ്ങളാൽ മൂടിയ ഇരുണ്ട ആകാശത്തേക്ക് നോക്കിയിരിക്കുമ്പോൾ കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. ആകാശം പിളരും പോലെ മിന്നലും ഹൃദയം കിടുങ്ങുമാറുള്ള ഇടിയും അവളുടെ ചിന്തകളെ അലോസരപ്പെടുത്തിയില്ല.

”ആ കഥയിൽ താൻ എങ്ങനെയാണ് ചിത്രീകരിക്കപ്പെടുക ” എന്നോർത്ത് അവൾ കൗതുകം പൂണ്ടു.
“അതിലെ നായിക കഥാപാത്രം താനാകുമോ?”
“അതിൽ എന്റെയും മാധവിന്റെയും പ്രണയവുമുണ്ടാകുമോ? ”
അങ്ങനെ നിരവധി ചോദ്യങ്ങൾ അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു.
“അതോ ആ പ്രണയം നിറങ്ങൾ ചാലിച്ചെഴുതാൻ അയാൾ മറന്നു പോകുമോ?”
അത് ആ ക്യാൻവാസിൽ മാത്രം ഒതുക്കി നിർത്താൻ കഴിയുമോ?
കഥയുടെ ഉള്ളടക്കത്തെക്കുറിച്ചവൾക്ക് ആകാംക്ഷയുണ്ടായി.

“എന്തായാലും എന്നിൽ മാധവിന് മരണമില്ല. മറവിക്ക് ഞാൻ അവനെ വിട്ടുകൊടുക്കുകയും ഇല്ല.
കാരണം മനസിൽ അവൻ പൂക്കാത്ത ഒരു ദിനം പോലുമില്ല.” അവളുടെ ആ തീരുമാനം ദൃഢമായിരുന്നു

ജനാലയ്ക്കരികിൽ തൂവാനവുമേറ്റിരിക്കുമ്പോൾ അമൃതയുടെ ശ്രദ്ധ ടെലിവിഷനിൽ നിന്നും കേൾക്കുന്ന ഗാനത്തിലക്ക് ഒഴുകി നീങ്ങുന്നുണ്ടായിരുന്നു.
” അമൃതവർഷിണിയായ്
വർഷാകാലമുകിലുകളേ
ഹൃദയമെരിയേ അലരി മലരായ്… ”

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. തപസ്യയുടെ സംസ്ഥാന ചെറുകഥ പുരസ്കാര ജേതാവ് പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്ന കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.