കാഞ്ഞിരപ്പള്ളി മോട്ടോർ വെഹിക്കിൾ ഓഫീസിൽ വിജിലൻസ് റെയ്ഡ്. ദിവസപ്പടി വാങ്ങിയ ഉദ്യോഗസ്ഥരും രണ്ട് ഏജന്റുമാരും പിടിയിൽ. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത് സുകുമാരനാണ് പിടിയിലായത്. ഡ്രൈവിംഗ് ലൈസൻസിന് ദിവസപ്പടിയായി കിട്ടിയിരുന്നത് 30,000 രൂപ വരെയാണെന്ന് വിജിലൻസ് അറിയിച്ചു.

ഏജന്റുമാർ വഴിയാണ് ഡ്രൈവിംഗ് സ്‌കൂളുകളിൽ നിന്നും ശേഖരിച്ച പണം കൈമാറിയിരുന്നത്. ഉദ്യോഗസ്ഥനൊപ്പം രണ്ട് ഏജന്റുമാരേയും വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീജിത്ത് സുകുമാരന് പണം കൈമാറാനെത്തിയ അബ്ദുൾ സമദും നിയാസുമാണ് അറസ്റ്റിലായത്. ഇന്ന് വൈകിട്ടാണ് കാഞ്ഞിരപ്പള്ളിയിൽ സംഭവമുണ്ടായത്.

ശ്രീജിത്ത് സുകുമാരനെ കൂടാതെ മാസപ്പടി സംഘത്തിൽ സുരേഷ് ബാബു, അരവിന്ദ് എന്നീ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും ഉൾപ്പെട്ടിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കും. ഈ പ്രദേശത്ത് മോട്ടോർ വാഹന വകുപ്പ് വൻ തോതിൽ കൈക്കൂലി വാങ്ങുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് വിജിലൻസ് പറഞ്ഞു.

ഉദ്യോഗസ്ഥരെ നിരീക്ഷിച്ച് വരികയായിരുന്നു. പല തവണ പരിശോധന നടത്തിയെങ്കിലും ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടാനായിരുന്നില്ല. തുടർന്ന് ഇന്നാണ് ഉദ്യോഗസ്ഥനെ തെളിവുകളോടെ പിടികൂടാനായതെന്ന് വിജിലൻസ് വ്യക്തമാക്കി. ശ്രീജിത്ത് സുകുമാരനെ കൈക്കൂലി വാങ്ങുന്നതിനിടൊണ് വിജിലൻസ് സംഘം പിടികൂടിയത്.