ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലെസ്റ്ററിൽ 80 വയസ്സുകാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടത് കല്ലേറിൽ ഗുരുതര പരുക്ക് പറ്റിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വീടിന് തൊട്ടടുത്തുള്ള പാർക്കിൽ തന്റെ നായയുമായി നടക്കാനിറങ്ങിയ ഭീം സെൻ കോലിയാണ് ക്രൂരമായ ആക്രമണത്തിൽ മരണം വരിച്ചത്. ഞായറാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

അഞ്ച് കൗമാരക്കാർ ചേർന്നാണ് ഭീം സെൻ കോലിയെ ആക്രമിച്ചതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ആദ്യം 14 വയസ്സ് പ്രായമുള്ള ആൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും പുറമെ 12 വയസ്സുള്ള രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും കൊലപാതകത്തിന് അറസ്റ്റിലായിരുന്നു. എന്നാൽ 14 വയസ്സുള്ള ആൺകുട്ടിയെ കൊലക്കുറ്റം ചുമത്തി മറ്റുള്ളവരെ വിട്ടയച്ചതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കൗമാരക്കാർ നടത്തിയ കല്ലേറിൽ കഴുത്തിന് ഏറ്റ പരുക്കാണ് ഇയാളുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

സതീന്ദര്‍ കൗർ ആണ് ഭീം സെൻ കോലിയുടെ ഭാര്യ. സുസൻ , വിരിന്ദർ , ബാവൂർ എന്നീ മൂന്ന് മക്കളാണ് ഇവർക്ക് ഉള്ളത്. 50 വയസ്സുകാരിയായ സുസൻ തൻറെ പിതാവ് കൊല്ലപ്പെട്ടത് അറിഞ്ഞ് ഇവിടേയ്ക്ക് എത്തുകയായിരുന്നു. തങ്ങൾ 40 വർഷമായി ഇവിടെ താമസിക്കുകയായിരുന്നു . ഭീമും സതിന്ദറും പഞ്ചാബിൽ നിന്നാണ് യുകെയിൽ എത്തിയത് , കഴിഞ്ഞ കുറെ നാളുകളായി തദ്ദേശീയരായ കുട്ടികൾ പാർക്കിൽ എത്തുന്ന ഏഷ്യൻ വംശജർക്കെതിരെ ആക്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഭീമിൻറെ അയൽവാസികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു


കുറെ നാളുകളായി കൊല്ലപ്പെട്ട ഭീമിനെ പലരീതിയിൽ കുട്ടികൾ ഉപദ്രവിച്ചിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുമായുള്ള പ്രശ്നത്തിന്റെ പേരിൽ നേരത്തെ ഭീം പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ മറുപടി നൽകാൻ ഉദ്യോഗസ്ഥർ മൂന്ന് ദിവസമെടുത്തതായി ഭീം പരാതിപ്പെട്ടതായി സുഹൃത്ത് ഗ്രഹാം ഹാൽഡേൻ പറഞ്ഞു. എന്നാൽ പോലീസ് കുട്ടികൾക്ക് എതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന കാര്യത്തെ കുറിച്ച് അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തദേശീയരായ കുട്ടികളുടെ ആക്രമണത്തിൽ ഒരു ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട സംഭവം കടുത്ത ആശങ്കയാണ് മലയാളികൾ ഉൾപ്പെടെയുള്ളവരിൽ സൃഷ്ടിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപ് വലതു പക്ഷ തീവ്രവാദികൾ അഴിച്ചുവിട്ട വംശീയ കലാപങ്ങളുടെ ഭീതിയിൽ നിന്ന് ബ്രിട്ടനിലെ കുടിയേറ്റക്കാർ ഇതുവരെ വിമുക്തരായിട്ടില്ല.