ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ആരോഗ്യ സംവിധാനത്തിൽ ജനറൽ പ്രാക്ടീസേഴ്സിനും അവരുടെ ജോലിസ്ഥലമായ സർജറികൾക്കും ഉള്ള പ്രാധാന്യം വളരെ വലുതാണ്. ഭൂരിഭാഗം രോഗികളും അവരുടെ ആരോഗ്യപ്രശ്നങ്ങളുമായി ആദ്യം സമീപിക്കുന്നതും അവരിൽ ഹോസ്പിറ്റൽ ചികിത്സ ആവശ്യമായവരെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് അയക്കുന്നതും സർജറികളിൽ ജോലിചെയ്യുന്ന ഡോക്ടർമാരാണ്. എന്നാൽ കോവിഡ് 19-ൻെറ ആരംഭത്തോടെ പൊതുജനങ്ങൾ കഴിവതും സർജറികളിൽ വരുന്നത് ഒഴിവാക്കുന്നതും, ഫോൺകോളുകൾ വഴിയുള്ള ചികിത്സ നിർണയത്തിനും ആയിരുന്നു മുൻതൂക്കം നൽകിയിരുന്നത്.

കോവിഡിനു മുൻപ് പോലും ജിപിയുടെ അപോയിന്റിനായി ബുദ്ധിമുട്ടിയിരുന്ന പൊതുജനത്തെ പുതിയ സമീപനം കുറച്ചൊന്നുമല്ല വലച്ചത്. എന്നാൽ ടെലിഫോൺ വഴിയുള്ള ചികിത്സാ നിർണയം ഇനിയും നടപ്പില്ലെന്നാണ് ഗവൺമെൻറ് നിലപാട്. കൂടുതൽ രോഗികൾക്ക് മുഖാമുഖം ഉള്ള അപോയിമെന്റുകൾ നൽകാൻ ആരോഗ്യ വകുപ്പ് സർജറികളോട് ശക്തമായി ആവശ്യപ്പെടും. ജിപികൾ കൂടുതൽ രോഗികൾക്ക് മുഖാമുഖം ഉള്ള അപോയിമെന്റുകൾ നൽകിയില്ലെങ്കിൽ ശൈത്യകാലത്ത് എമർജൻസി ഡിപ്പാർട്ട്മെന്റുകൾക്ക് രോഗികളുടെ തള്ളിക്കയറ്റം മൂലമുള്ള സമ്മർദ്ദം താങ്ങാൻ ആവില്ലെന്നും യുകെയിലെ ആരോഗ്യ സംവിധാനം തന്നെ തകരാറിലാകും എന്നുള്ള മുന്നറിയിപ്പ് പരിഗണിച്ചാണ് ഗവൺമെൻറ് തീരുമാനം. രോഗികളെ മുഖാമുഖം കാണുന്നതിനായി 250 മില്യൻ പൗണ്ടോളം കൂടുതലായി സർജറികൾക്ക് അനുവദിച്ചു.