ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. വിമാനത്തിലെ യാത്രക്കാരൻ ജീവനക്കാരെ മർദിച്ചതിന് പിന്നെയാണ് സംഭവം. വിമാനത്തിൽ നിന്ന് യാത്രക്കാരനെ ഉടൻ തന്നെ സുരക്ഷ ജീവനക്കാർക്ക് കൈമാറി. സംഭവത്തിൽ എയർ ഇന്ത്യ ഡല്‍ഹി വിമാനത്താവളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് 225 യാത്രക്കാരുമായി വിമാനം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ പിന്നീട് യാത്രക്കാരിൽ ഒരാൾ വിമാനത്തിലെ ജീവനക്കാരെ കൈയേറ്റം ചെയ്യുകയായിരുന്നു. രണ്ട് ജീവനക്കാരെ മർദ്ദിച്ചതോടെ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. ഉച്ചയ്ക്ക് ശേഷം വിമാനം തിരിച്ച് ലണ്ടനിലേക്ക് പോകുമെന്ന് കമ്പനി അറിയിച്ചു.
ബോയിങ് 787 വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് യാത്രക്കാരന്‍ അപമര്യാദയായി പെരുമാറിയതെന്ന് എയർ ഇന്ത്യ വെളിപ്പടുത്തി. മുന്നറിയിപ്പുകൾ നൽകിയെങ്കിലും ഇവയെല്ലാം അവഗണിച്ച് രണ്ട ജീവനക്കാരെ കൈയേറ്റം ചെയ്തതോടെയാണ് പൈലറ്റ് ഡൽഹിയിലേക്ക് തിരിച്ച് വിടാൻ തീരുമാനിച്ചത്. സംഭവത്തിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.