മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പംനിന്നതിന്റെ പേരില്‍ സ്ഥലംമാറ്റിയ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും. ഇതുസംബന്ധിച്ച് ഉടന്‍തന്നെ ഉത്തരവിറക്കും.

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിപ്പിക്കാത്തത് ഏറെ വിവാദമായിരുന്നു. ഇതിനെതിരേ അനിത മെഡിക്കല്‍ കോളേജില്‍ നടത്തിവരുന്ന സമരം ആറാംദിവസത്തേക്ക് കടന്ന സാഹചര്യത്തിലാണ് സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അനിത പ്രതികരിച്ചു.

ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായി മൊഴിനല്‍കിയ അനിതയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്കാണ് സ്ഥലംമാറ്റിയിരുന്നത്. ഇതിനെതിരേ അനിത ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ത്തന്നെ ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവുകിട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍, കോടതി ഉത്തരവുമായി എത്തിയിട്ടും അനിതയെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല. സെക്രട്ടേറിയറ്റില്‍നിന്നുള്ള ഉത്തരവില്ലാതെ ജോലിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് അനിത കരഞ്ഞുപറഞ്ഞിട്ടും അധികൃതര്‍ ചെവികൊണ്ടില്ല.

ഇതോടെയാണ് അനിത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പില്‍ ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചത്. അനിതയ്ക്ക് പിന്തുണയുമായി ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സ്ഥലത്തെത്തിയിരുന്നു.