അമ്മായിയമ്മ മരുമകള്‍ വഴക്കിനിടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന കൊലപാതക രഹസ്യം; വിവരം പൊലീസിന് കൈമാറി ബന്ധു

അമ്മായിയമ്മ മരുമകള്‍ വഴക്കിനിടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന കൊലപാതക രഹസ്യം; വിവരം പൊലീസിന് കൈമാറി ബന്ധു
April 21 06:34 2021 Print This Article

കൊല്ലം: കേരളത്തെ ഞെട്ടിച്ച് കൊല്ലം അഞ്ചലില്‍ ദൃശ്യം മോഡലില്‍ നടന്ന കൊലപാതകത്തിന്റെ രഹസ്യം പുറത്തായത് അമ്മായിയമ്മയും മരുമകളും തമ്മില്‍ വഴക്ക് പിടിച്ചപ്പോള്‍. ഒളിവിലിരുന്ന് ഇവര്‍ പറയുന്നത് കേട്ടതോടെ ബന്ധു റോയി വിവരം പോലീസിന് കൈമാറുകയായിരുന്നു. കിണര്‍ കുഴിച്ചപ്പോള്‍ എടുത്തിട്ട മണ്ണിലായിരുന്നു കൊല്ലപ്പെട്ട ഷാജി പീറ്ററിനെ മാതാവും സഹോദരനും സഹോദര ഭാര്യയും ചേര്‍ന്ന് കുഴിച്ചിട്ടത്.

റോയി ഒളിവില്‍ കഴിയുന്നതിടയില്‍ ഒരു ദിവസം ഷാജിയുടെ അമ്മ പൊന്നമ്മയും അനുജന്‍ സജിന്റെ ഭാര്യ ആര്യയും തമ്മില്‍ വഴക്കുപിടിച്ചു. ഇതിനിടയില്‍ ഇവര്‍ ഷാജിയെ കൊലപ്പെടുത്തിയ കാര്യത്തില്‍ പരസ്പരം ആരോപണം ഉന്നയിച്ചത് റോയി കേള്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസില്‍ എത്തി കൈമാറിയത്. തുടര്‍ന്ന് അഞ്ചല്‍ പോലീസിനെ വിളിച്ച് ഡിവൈഎസ്പി പ്രദീപ്കുമാര്‍ അന്വേഷണം ആവശ്യപ്പെട്ടു.

കൊട്ടാരക്കരയില്‍ താമസക്കാരനായ ഇളയ സഹോദരന്‍ സജിനും ഭാര്യ ആര്യയും 2018 ല്‍ ഭാരതീപുരത്തെ കുടുംബ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ ആയിരുന്നു സംഭവം. അനേകം മോഷണക്കേസുകളിലും മറ്റും പ്രതിയായ ഷാജി മദ്യലഹരിയില്‍ മോശമായി പെരുമാറിയപ്പോള്‍ സജിനും ആര്യയും പൊന്നമ്മയും ചേര്‍ന്ന് ചെറുക്കുകയും അടിച്ചു വീഴ്ത്തുന്നതിനിടയില്‍ മാരമായി മര്‍ദ്ദനമേറ്റ് ഷാജി മരിക്കുകയുമായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെ നടന്ന സംഭവത്തിന് ശേഷം നാലു മണിക്കൂറോളം കുടുംബാംഗങ്ങള്‍ മൃതദേഹവുമായി കഴിഞ്ഞു. ഇരുട്ടു വീണതോടെയാണ് കുഴിയെടുത്ത് മൃതദേഹം മൂടിയത്. വീടിന് സമീപം കിണര്‍ കുഴിക്കാനായി എടുത്ത മണ്ണില്‍ എട്ടുമണിയോടെ മറവ് ചെയ്ത് എല്ലാം പൂര്‍ത്തിയാക്കി.

മോഷണക്കേസുകളില്‍ പ്രതിയായ ഷാജി കുറ്റകൃത്യങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോകുന്ന പതിവുണ്ട്. അതുകൊണ്ടാണ് ഇയാളെ കാണാതായതില്‍ ആരും സംശയിക്കാതിരുന്നത്. ഇടയ്ക്ക് ചില കേസുമായി ബന്ധപ്പെട്ട് പോലീസ് ഷാജിയുടെ വീട്ടില്‍ എത്തിയെങ്കിലും വ്യക്തമായി വീട്ടുകാര്‍ മറുപടി പറഞ്ഞില്ല. മിക്കവാറും വീട്ടില്‍ കാണാത്തയാള്‍ ആയതിനാല്‍ പോലീസ് സംശയിച്ചുമില്ല. വീട്ടുകാര്‍ പരാതി നല്‍കാതിരുന്നത് അന്വേഷിച്ചുമില്ല. വടക്കന്‍ കേരളത്തില്‍ എവിടേയ്‌ക്കോ ഷാജി മുങ്ങിയിരിക്കുകയാണെന്ന പൊന്നമ്മയുടേയും സജിന്റെയും വാക്കുകളില്‍ പോലീസ് സംശയിച്ചുമില്ല.

വീട്ടുപകരണങ്ങളും കന്നുകാലികളെയും മോഷ്ടിച്ച് അറവുകാര്‍ക്ക് വില്‍ക്കുന്ന ഷാജി കിട്ടുന്ന പണത്തിന് മദ്യപിക്കുകയും വീട്ടില്‍ എത്തി പ്രശ്‌നം ഉണ്ടാക്കുകയും പതിവായിരുന്നു. റോഡില്‍ നിന്നും അരകിലോമീറ്റര്‍ മാറി കുത്തനെയുള്ള കയറ്റവും ഇറക്കവുമെല്ലാം താണ്ടി വേണം വിജനമായ റബ്ബര്‍ തോട്ടത്തിന് നടുവിലുള്ള ഷാജിയുടെ വീട്ടില്‍ എത്താന്‍. ഒറ്റപ്പെട്ട സ്ഥലം കൂടി ആയതിനാല്‍ ഇവിടെ എന്തു നടന്നാലും പുറംലോകം അറിയുകയുമില്ല എന്നതാണ് കൃത്യം മൂന്ന് വര്‍ഷത്തോളം പുറംലോകം അറിയാതെ പോയത്. എന്നാല്‍ നാലുമാസം മുമ്പ് പൊന്നമ്മയും ആര്യയും തമ്മില്‍ വഴക്കുണ്ടായതോടെ ഇവരുടെ ചര്‍ച്ചകളില്‍ ഷാജിയുടെ കൊലപാതകം കടന്നു വരികയും റോയി അത് കേള്‍ക്കാനിടയാകുകയുമായിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles