കെയ്‌റോ: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈജിപ്റ്റിലെ പിരമിഡുകളില്‍ ഒളിച്ചിരിക്കുന്ന അതിശയങ്ങള്‍ ഒട്ടേറെയാണ്. പുരാതന ഈജിപ്റ്റിലെ ഭരണാധികാരികളായിരുന്ന ഫറവോമാരുടെ ശവകുടീരങ്ങളായ പിരമിഡുകള്‍ വമ്പന്‍ പാറകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇവ നില്‍ക്കുന്ന മരുഭൂമിയുടെ സമീപത്ത് ഇത്തരം പാറകള്‍ ഇല്ല എന്നതാണ് ഗവേഷകരെയും പിരമിഡ് കാണാനെത്തുന്ന സഞ്ചാരികളെയും അതിശയിപ്പിച്ചിരുന്നത്. ഏറ്റവും വലിയ പിരമിഡ് ആയ ഗ്രേറ്റ് പിരമിഡ് നിര്‍മിച്ചരിക്കുന്നത് 1,70,000 ടണ്‍ പാറകള്‍ കൊണ്ടാണ്. ഈ പാറകള്‍ ഇവിടെ എത്തിച്ചതിന്റെ രഹസ്യം കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ഗിസയിലെ ഗ്രേറ്റ് പിരമിഡ് നിര്‍മിക്കാന്‍ ആവശ്യമായ പാറ എട്ട് മൈല്‍ അകലെ നിന്ന് എത്തിച്ചുവെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ഗ്രാനൈറ്റ് 500 മൈല്‍ അകലെ മാത്രമാണ് ഉള്ളത്. 4000 വര്‍ഷങ്ങള്‍ക്കു മുമ്പ് 2550 ബിസിയില്‍ നിര്‍മിച്ച ഈ പിരമിഡിനു വേണ്ടി ഗ്രാനൈറ്റ് ഇത്രയും ദൂരം എങ്ങനെയായിരിക്കും കൊണ്ടുവന്നിരിക്കുക എന്നതിന്റെ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇത്രയും കാലം ഗവേഷകര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്ന ഒരു പ്രശ്‌നത്തിനു കൂടിയാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

ഗിസ പിരമിഡിനു സമീപം നടത്തിയ ഉല്‍ഖനനത്തില്‍ ലഭിച്ച പാപ്പിറസ് ചുരുളുകളും ഒരു ബോട്ടിന്റെ അവശിഷ്ടങ്ങളും പിരമിഡിന് അടുത്തേക്കുണ്ടായിരുന്ന ജലയാത്രാ സൗകര്യത്തെക്കുറിച്ചുള്ള തെളിവുകളുമാണ് ഈ രഹസ്യത്തിന്റെ ചുരുള്‍ അഴിക്കുന്നത്. ലോകത്ത് ലഭിച്ചതില്‍ ഏറ്റവും പഴക്കമുള്ള പാപ്പിറസ് ചുരുളാണ് ഇതെന്നും നാല് വര്‍ഷത്തോളം ഇതില്‍ പഠനങ്ങള്‍ നടത്തിയ പിയര്‍ ടെയില്‍ എന്ന ഗവേഷകന്‍ വ്യക്തമാക്കി. നൈല്‍ നദിയില്‍ നിന്ന് പിരമിഡ് നില്‍ക്കുന്ന സ്ഥലത്തേക്ക് നിര്‍മിച്ച കനാലുകളിലൂടെയാണ് പ്രത്യേകം രൂപകല്‍പന ചെയ്ത വള്ളങ്ങളില്‍ ഈ പാറകള്‍ എത്തിച്ചതെന്നാണ് കരുതുന്നത്.

മെറെര്‍ എന്നയാളാണ് ഈ പാപ്പിറസ് ലിഖിതങ്ങള്‍ എഴുതിയത്. ആയിരക്കണക്കിന് ആളുകള്‍ ചേര്‍ന്നാണത്രേ പാറകള്‍ കനാലുകളിലൂടെ ഇവിടെ എത്തിച്ചത്. വടങ്ങള്‍ ഉപയോഗിച്ച് ബന്ധിച്ചിരുന്ന വള്ളങ്ങളില്‍ ചിലത് കേടുപാടുകള്‍ കാര്യമായി ഇല്ലാത്ത വിധത്തില്‍ ലഭിച്ചുവെന്നും ഗവേഷകര്‍ പറഞ്ഞു.