ചാവക്കാട്: പെണ്‍കുട്ടികള്‍ക്ക് ഉയരങ്ങളിലെത്താനുള്ള ഊര്‍ജ്ജവും കരുത്തും ഉണ്ടെന്ന് തെളിയിച്ച ചാവക്കാട്ടുകാരി…സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് പറഞ്ഞു പഠിപ്പിച്ച ചില മത ചിന്താഗതികളുടെ വേലികെട്ടുകളെ തകര്‍ത്ത് കരാട്ടേ ആയോധനകലയില്‍ തേര്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടി ഏഷ്യയിലെ തന്നെ ആദ്യത്തെ മുസ്ലീം പെണ്‍കുട്ടി എന്ന ബഹുമതി ഇന്ന് ചാവക്കാട് തിരുവത്ര സ്വദേശി അനീഷയെന്ന ഇരുപതുകാരിക്ക് സ്വന്തം. കരാട്ടേയില്‍ തേര്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടി സന്‍സായ് (മാസ്റ്റര്‍) പദവിയിലെത്തിയ അനീഷ 2016 ജനുവരി 10 നാണ് ഷോട്ടോകാന്‍ (JSKA) ചീഫ് ഗോപാലകൃഷ്ണനില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഏഷ്യ മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ലക്ഷക്കണക്കിന് അംഗങ്ങളുള്ള JSKA യുടെ ആദ്യ മുസ്ലീം വനിതാ സന്‍സായ് എന്ന സ്ഥാനവുമായി ചരിത്രത്തില്‍ ഇടം പിടിച്ചത്.
തിരുവത്ര പാണ്ടികശാലപറമ്പില്‍ പരേതനായ മൊയ്തീന്‍കുട്ടി ആമിനു ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയ പുത്രിയായ അനീഷ സഹോദരന്‍ അന്‍സാറില്‍ നിന്നാണ് കരാട്ടേയുടെ ബാലപാഠങ്ങള്‍ പഠിച്ചതെന്ന് പറയാം. സഹോദരന്‍ അന്‍സാര്‍ കരാട്ടേ ക്ലാസ്സിനു പോവുകയും വീട്ടില്‍ വന്നു പ്രാക്ടീസ് നടത്തുകയും ചെയ്യാറുണ്ട്. ഇത് കണ്ടാണ് അനീഷക്ക് ആയോധനകലയില്‍ താത്പര്യമുണ്ടായത്. തുടര്‍ന്ന് പതിനൊന്നാം വയസ്സില്‍ ജപ്പാന്‍ ഷോട്ടോകാന്‍ കരാട്ടെ അസോസിയേഷന്റെ കീഴിലുള്ള ഡ്രാഗണ്‍ കരാട്ടേ ക്ലബിന്റെ തിരുവത്രയിലുള്ള ഡോജോ(ക്ലാസ് )യില്‍ ചേര്‍ന്ന് സന്‍സായ് മുഹമ്മദ് സ്വാലിഹിന്റെ ശിക്ഷണത്തില്‍ കരാട്ടേ പഠനം ആരംഭിച്ചു. ചെറുപ്രായത്തില്‍ തന്നെ പിതാവ് മരണപ്പെട്ട അഞ്ചുവയസ്സുകാരി അനീഷയും എഴുവയസ്സുകാരന്‍ സഹോദരന്‍ അന്‍സാറും മാതാവിന്റെ ചിറകില്‍ അമ്മാമന്‍മാരുടെയും ബന്ധുക്കളുടെയും തണലിലാണ് വളര്‍ന്നത്. എങ്കിലും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് അനീഷയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍.

കരാട്ടേ ക്ലാസ്സില്‍ കൂടെ പഠിച്ചിരുന്നവരും പഠിപ്പിച്ചിരുന്നവരും പാതിവഴിയില്‍ നിര്‍ത്തുകയോ അലസരാവുകയോ ചെയ്തപ്പോഴും അനീഷ ആയോധനകലയില്‍ തന്റെ പ്രാവീണ്യം തെളിയിക്കുകയും ഉയരങ്ങള്‍ കീഴടക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണമെന്ന് ശാഠ്യം പിടിച്ചവര്‍ക്ക് തന്റെ ജീവിത ലക്ഷ്യത്തിലൂടെയും അഭിനന്ദാര്‍ഹമായ നേട്ടങ്ങളിലൂടെയും മറുപടി നല്‍കി. ആദ്യകാലങ്ങളില്‍ തന്റെ ഗുരുവായിരുന്നവര്‍ ഇപ്പോഴും സമ്പായ് (ഇന്‍സ്ട്രക്ടര്‍) ആയി തന്നെ നില്‍ക്കെ അവരെയെല്ലാം മറികടന്ന് സന്‍സായ് പദവിയിലെത്തിയതിലൂടെ ആയോധനകലയോടുള്ള അനീഷയുടെ അഭിനിവേശവും നിശ്ചയദാര്‍ഢ്യവുമാണ് പ്രകടമാകുന്നത്.

പത്താം ക്ലാസ് വരെ ചാവക്കാട് ഐഡിസി സ്‌കൂളിലും, ഹയര്‍സെക്കന്‍ഡറി പഠനം എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളിലുമായാണ് പൂര്‍ത്തീകരിച്ചത്. പിന്നീട് സൈക്കോളജിയില്‍ ഡിഗ്രി ചെയ്യാനുള്ള അനീഷയുടെ മോഹം കോളേജ് അധികൃതരുടെ അനാസ്ഥയും പിടിപ്പുകേടും മൂലം പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ ഇന്‍ഡീരിയര്‍ ഡിസൈനര്‍ വിദ്യാര്‍ത്ഥിയായ അനീഷ പൊന്നാനി എം ഐ, തൊഴിയൂര്‍ റഹ്മത്ത്, എടക്കഴിയൂര്‍ സീതിസാഹിബ് എന്നീ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആയോധനകലയില്‍ പരിശീലനം നല്‍കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രഹ്മകുളം സ്വദേശി നിഹാസുമായുള്ള അനീഷയുടെ നിക്കാഹ് കഴിഞ്ഞത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. നിഹാസിന്റെ പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവുമാണ് ഊട്ടിയില്‍ നടന്ന തേര്‍ഡ് ഡാന്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അനീഷക്ക് പ്രചോദനമായത്. എന്നാല്‍ സ്ത്രീകള്‍ക്ക് പഠിക്കുവാന്‍ സുരക്ഷിതമായ ക്ലാസുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കളരി, ജൂഡോ, തായ് ബോക്‌സിംഗ് തുടങ്ങിയ ഇതര ആയോധനകലകള്‍ പഠിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖത്തിലാണ് ഈ പെണ്‍കുട്ടി.

മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠനം ശരീരത്തിനും മനസ്സിനും ഗുണം ചെയ്യുമെന്നും ഏകാഗ്രത വര്‍ദ്ധിക്കുന്നത്തിലൂടെ പഠനത്തില്‍ മികവ് പുലര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കാകുമെന്നും സ്വന്തം അനുഭവത്തിലൂടെ ബോധ്യമായിട്ടുണ്ടെന്ന് അനീഷ പറഞ്ഞു. ശബ്ദമുയര്‍ത്തലാണ് ഏറ്റവും നല്ല രക്ഷാമാര്‍ഗ്ഗം എന്ന് സ്ത്രീകളെ അനീഷ ഉണര്‍ത്തുന്നു. അപകട സന്ദര്‍ഭങ്ങളില്‍ മൗനം പാലിക്കാതെ ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നതാണ് സ്ത്രീകള്‍ക്ക് മറ്റുള്ളവരുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. സമൂഹത്തെ കുറിച്ച ഉത്തമ ബോധത്തോടെയുള്ള വസ്ത്ര ധാരണം, യാത്ര, സമയം, സൗഹൃദം എന്നിവയിലുള്ള ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് സ്ത്രീകള്‍ക്കുള്ള സന്ദേശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.