ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കളിചിരിയുമായി എല്ലാവരുടെയും പൊന്നോമനയായ ടിയാന പറന്നകന്നു. റെഡിച്ചിൽ താമസിക്കുന്ന യുകെ മലയാളികളായ ജോസഫ് തോമസ് ( ടിജോ) തെക്കേടത്തിന്റെയും അഞ്ചുവിന്റെയും മകളായ ടിയാനയുടെ മരണം ഉൾക്കൊള്ളാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല . നാല് വയസ്സ് മാത്രം പ്രായമുള്ള ടിയാന ഇനി മറ്റ് പലരിലൂടെയും ഈ ലോകത്ത് ജീവിക്കും. മരണമടഞ്ഞ ടിയാനയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം മാതാപിതാക്കൾ നൽകി.
ടിയാനയുടെ മാതാപിതാക്കളായ ടിജോയും അഞ്ചുവും ചങ്ങനാശ്ശേരി സ്വദേശികളാണ്. കുട്ടിയ്ക്ക് ചർദ്ദിയായിട്ടായിരുന്നു അസുഖം ആരംഭിച്ചത്. റെഡിച്ചിൽ തന്നെ സെൻട്രൽ ഹോസ്പിറ്റലിൽ ആണ് ആദ്യം ചികിത്സ തേടിയത്. സ്ഥിതി മോശമായിരുന്നതിനെ തുടർന്ന് ഉസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് അടിയന്തിരമായി ബർമിംഗ്‌ഹാം ചിൽഡ്രൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കയാണ് മരണം സംഭവിച്ചത്.
ടിയാനയുടെ മൂത്ത സഹോദരൻ എഡ്വിൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. റെഡിച്ച് തന്നെയുള്ള ടിജോയുടെ സഹോദരി ടിഷയും ഭർത്താവ് ഷിബിനും മറ്റ് സുഹൃത്തുക്കളും കുടുംബത്തിന് താങ്ങായി ഒപ്പമുണ്ട്.
കുഞ്ഞ് ടിയാനയുടെ പൊതു ദർശനവും മൃത സംസ്കാരവും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ടിയാനയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply