ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമൈക്രോൺ വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ യുകെയെ കാത്തിരിക്കുന്നത് വീണ്ടുമൊരു ലോക് ഡൗൺ കൂടിയാണെന്ന ആശങ്കകൾ ശക്തമായി. പ്രൊഫസർ ലോക്ക്ഡൗൺ എന്ന് പരക്കെ അറിയപ്പെടുന്ന നീൽ ഫെർഗൂസൺ ആണ് രാജ്യം വീണ്ടുമൊരു ലോക് ഡൗൺ കൂടി നേരിടേണ്ടി വരാനുള്ള സാധ്യതകളെപ്പറ്റി സൂചനകൾ നൽകിയിരിക്കുന്നത്. ക്രിസ്മസിന് മുമ്പ് ഒമൈക്രോൺ ബ്രിട്ടനിൽ പരക്കെ വ്യാപിക്കുമെന്നുള്ള മുന്നറിയിപ്പാണ് രാജ്യവ്യാപകമായി ഒരു ലോക്ക്ഡൗൺ കൂടി വേണ്ടിവന്നേക്കാമെന്നുള്ള വാദങ്ങൾക്ക് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒമൈക്രോൺ രാജ്യത്ത് വളരെവേഗം പകരുന്നുണ്ടെന്നും രാജ്യത്തുടനീളമുള്ള രോഗികളുടെ എണ്ണം 336 ആണെന്നും എല്ലാ പുതിയ 60 കോവിഡ് കേസുകളിലെയും ഒരെണ്ണം ഈ വകഭേദം മൂലം ഉണ്ടായതാണെന്നുമുള്ള കണക്കുകൾ പുറത്തുവന്നിരുന്നു. രോഗവ്യാപനം തടയാൻ വലിയ പങ്ക് വഹിച്ചില്ലെങ്കിലും ഒമൈക്രോൺ മൂലമുണ്ടാകുന്ന ഗുരുതരമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും ഉയർന്ന സംരക്ഷണം നൽകുവാൻ ബൂസ്റ്റർ വാക്സിനുകൾക്ക് സാധിക്കുമെന്ന് ശാസ്ത്രജ്ഞമാർ പ്രതീക്ഷിക്കുന്നു. ഇതിനിടെ ഒമൈക്രോൺ പ്രതിരോധത്തിൽ സർക്കാരിനെ വിമർശിച്ച് മുൻ പ്രധാനമന്ത്രി തെരേസ മേ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു . നിയന്ത്രണങ്ങൾ കാരണം സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാവുന്ന ഇടിവ് ബിസിനസുകളെ പ്രതികൂലമായി ബാധിക്കുമെന്ന് മേ കൂട്ടിച്ചേർത്തു. സർക്കാർ കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കണമെന്ന ആരോപണവും തെരേസ മേ ഉന്നയിച്ചു.

പുതിയ വേരിയന്റ് പടർന്നുപിടിക്കുന്നത് എൻഎച്ച്എസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും എന്ന ആശങ്കകൾ ശക്തമാണ് . കഴിഞ്ഞ വർഷത്തെ ക്രിസ്മസ് കാലത്ത് ആഘോഷങ്ങളും ഒത്തുചേരലുകളും കോവിഡ് നിയന്ത്രണങ്ങൾ കാരണം തടസ്സപ്പെട്ടിരുന്നു . ഒമൈക്രോൺ വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ ക്രിസ്മസ് കാലം നിയന്ത്രണങ്ങളെ കുറിച്ച് മന്ത്രിതലത്തിൽ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തപ്പെട്ടത് വൻ വിമർശനങ്ങൾ വഴിവെച്ചിരുന്നു .