മെട്രിസ് ഫിലിപ്പ്

അന്നമ്മചേടത്തിയെ, ചൂട്ട് കറ്റ കെട്ടിയത് ഇരുപ്പുണ്ടെങ്കിൽ ഒരെണ്ണം ഇങ്ങെടുത്തേ. എടാ സുരേന്ദ്രാ , നീ എന്താടാ, ഇത്രയും വൈകിയത്. എന്റെ ചേടത്തി, കടയിലേക്കുള്ള സാധനങ്ങൾ, വാങ്ങാൻ ടൗണിൽ പോയി, തിരിച്ചു വരാൻ ഉള്ള ജീപ്പ് കിട്ടിയപ്പോൾ വൈകിപോയി. ഓ, ശരി ശരി, നീ കോലായിലേക്ക് കയറിയിരിക്ക്. സുരേന്ദ്രൻ, ഇളം തിണ്ണയിലേക്ക് കയറി ഇരുന്നു. അപ്പോഴേക്കും, മത്തായിചേട്ടൻ, കുളികഴിഞ്ഞു വന്നു. ഹൊ! എന്തൊരു ഉഷ്ണം. ഇത്തവണ ചൂട് കടുക്കും എന്ന് റേഡിയോയിൽ കേട്ടിരുന്നു. അപ്പോൾ, അങ്ങകലെ, കഴുത്തിൽ തൂക്കിയിട്ട മണി കുലുക്കികൊണ്ട് കോരമാപ്പിളയുടെ കാളാൻ വരുന്ന ഒച്ചകേട്ടു. മത്തായിചേട്ടൻ “കൂയ്” എന്ന് നീട്ടി കൂവിയപ്പോൾ, കോരമാപ്പിള, കാളവണ്ടി വഴി അരുകിലേക്ക് മാറ്റിനിർത്തി, തൂക്കിയിട്ട റാന്തൽവിളക്കിന്റെ തിരി താത്തിവെച്ച്, മീൻ കൂടയിൽനിന്നും, ഒരു കോർമ്പൽ, മുഷിയെ കൂടിയെടുത്തു കൊണ്ട്, മത്തായിചേട്ടന്റെ മുറ്റത്തേക്ക് കയറി. മീൻ കോർമ്പൽ, മത്തായിചേട്ടന്റെ കയ്യിലേക്കു കൊടുത്തുകൊണ്ട് പറഞ്ഞു, ഇന്ന് പടിഞ്ഞാറ് ആയിരുന്നു കാള പൂട്. പാള തൊപ്പി, കിണറിന്റെ മതിലിൽ വെച്ച്, ഉടുത്തിരുന്ന കുറിയോണ്ട് പൊക്കി പിടിച്ചു കിണറിൽ നിന്നും പാള തൊട്ടിയിൽ വെള്ളം കോരി കാലും മുഖവും കഴുകി വന്നു. മത്തായിചേട്ടൻ, ചേടത്തിയോട് പറഞ്ഞു, എടിയെ, ആ നെല്ല് പത്തായത്തിനുള്ളിൽ വെച്ചിരിക്കുന്ന റാക്ക് കുപ്പിയും, ഗ്ലാസും എടുത്തേ, ചേടത്തി, ഉടനെ പോയി, കുപ്പിയും ഗ്ലാസും മണ്കൂനയിലെ വെള്ളോം, കപ്പ ചെണ്ടൻ പുഴുങ്ങിയതും പന്നി ഉലത്തിയതും എടുത്തോണ്ട് വന്നു.

മീൻകോർമ്പൽ ചേടത്തിയുടെ കയ്യിലേക്ക് കൊടുത്തു. കോലായിൽ പായ് വിരിച്ചു 3 പേരും വട്ടത്തിൽ ഇരുന്ന് റാക്ക് കുടിച്ചും വർത്തമാനവും ഒക്കെ പറഞ്ഞു, “അന്ന്കിഴക്ക് പകലോൻ പടിഞ്ഞാറ് പോയി മറഞ്ഞേ” എന്നുള്ള പാട്ടൊക്കെ പാടി രാത്രി ആഘോഷിച്ചു. ഈ സമയത്ത് ചേടത്തി, മീൻ കഴുകിവാരി, കാന്താരിമുളക്‌അരച്ച്, മീനിൽ പുരട്ടി വറത്തുകൊണ്ട് വന്നു. പിന്നെ ഒരുപാട് വർത്തമാനങ്ങൾ പറഞ്ഞു നേരം പതിരായായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പറമ്പിൽ നിന്നും നല്ല ഒരു ഓല മെടൽകിട്ടി. അത് കുറെ,കെട്ടുകൾ ആക്കി, കോലായുടെ മുകളിൽ ഉള്ള തട്ടിൽ അടുക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ട് സന്തോഷത്തോടെ, കത്തിച്ച ചൂട്ട്കറ്റ സുരേന്ദ്രനെടുത്തു കൊടുത്തു. സുരേന്ദ്രൻ എല്ലാവരോടും നന്ദി പറഞ്ഞു കുന്നിൻ മുകളിൽ ഉള്ള വീട്ടിലേക്ക് പോയി. കോരച്ചേട്ടൻ കാള വണ്ടിയിൽ കയറി മുന്നോട്ട് പോയി.

1950-60 കാലങ്ങളിലോക്കെ, നമ്മുടെയൊക്കെ വീടുകളികളിലോക്കെ, പരിചയം ഉള്ളവർക്കും, അല്ലാത്തവർക്കും വേണ്ടി രാത്രികാലങ്ങളിൽ,വെളിച്ചത്തിനായുള്ള ചൂട്ട്കറ്റകൾ, അമ്മമാർ കരുതി വെച്ചിരുന്നു .അതൊക്കെ ഓരോ രാത്രി യാത്രകളും ഓരോരുത്തരുടെയും മനസ്സുകളിൽ സ്നേഹത്തിന്റെ തിരിനാളം പകർന്നു നൽകിയിരുന്നു. വീട്ടിൽ ഉപ്പോ, തേയിലപൊടിയോ മറ്റ് എന്ത് സാധനങ്ങൾക്കുവേണ്ടിയും അപ്പുറത്തെ വീട്ടിലേക്ക് ഓടിപോയി മേടിക്കാൻ അയൽവക്കമുണ്ടായിരുന്നു എന്നാൽ ഇന്ന് സ്നേഹത്തെ മതിൽകെട്ടി തിരിച്ചിരിക്കുന്നു.

കാലങ്ങൾ മാറിയപ്പോൾ ചൂട്ട് കറ്റ മാറി, ചിരട്ടയും മെഴുകുതിരിയും വീടുകളിൽ കരുതിയിരുന്നു. അതിൽ നിന്നും ഉരുകി വീഴുന്ന സ്നേഹത്തിന്റെ മെഴുകിന് വേദനയുടെ ചൂട് ഇല്ലേയില്ലായിരുന്നു. കാലങ്ങൾ കൊഴിഞ്ഞുപോയപ്പോൾ, സ്നേഹത്തിന് മതങ്ങളുടെ നിറം വെച്ചപ്പോൾ, ആളുകളുടെ ചിന്തകളിലും മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. Everyday ബാറ്ററി ടോർച്ചും, പിന്നീട് വന്ന റീചാർജ് ചെയ്യാവുന്ന ടോർച്ചിന്റെയും വലുപ്പം കുറഞ്ഞു കുറഞ്ഞു പോക്കറ്റിൽ കൊള്ളുന്ന സൈസ് ആയി മാറിയിരിക്കുന്നു. നടന്നു പോയ വഴികൾ ഇന്ന് ടാർചെയ്ത്,തെരിവുവിളക്കിന്റെ വെളിച്ചത്തിൽ ചീറിപായുന്ന കാറുകളിലേക്ക് മനുഷ്യർ മാറിയിരിക്കുന്നു. ഫേസ്ബുക്കിൽ കിട്ടുന്ന സ്‌നേഹം താൽക്കാലികം മാത്രമേ ഉണ്ടാക്കൂ . നമ്മൾ അറിയുന്ന നമ്മളെ സ്നേഹിക്കുന്ന ഹൃദയങ്ങളെ ചേർത്തുപിടിക്കണം. സ്നേഹം വാരി വിതറാം. എല്ലാവർക്കും ആശംസകൾ..