ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ സെക്കൻഡ് ഷോയിലെ നീരാളി ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടന്മാരിൽ ഒരാളായിരുന്നു അനിൽ ആന്റോ. രാവണപ്രഭു, സായ്‌വർ തിരുമേനി, വിനോദയാത്ര എന്നീ ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിച്ചിരുന്നു. പിന്നീട് നിയോ ഫിലിം സ്കൂളിൽ ആക്ടിംഗ് കോഴ്സ് പൂർത്തിയാക്കി. അതിനുശേഷം അഭിനയിച്ച ഹ്രസ്വചിത്രങ്ങളിൽ ഒന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ കാണുകയും, ‘സെക്കൻഡ് ഷോ’യിലേക്കുള്ള വഴിതുറക്കുകയും ആയിരുന്നു.

ചെറുതും വലുതുമായ ഇരുപതോളം ഹ്രസ്വചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട് അനിൽ ആന്റോ. എന്നാൽ ഫ്രാൻസിസ് ജോസഫ് ജീരയുടെ ” പില്ലോ നത്തിങ് ബട്ട്‌ ലൈഫ്” എന്ന ഹ്രസ്വചിത്രമാണ് ദേശീയ-അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ധാരാളം പുരസ്കാരങ്ങൾ നേടുവാനിടയാക്കുകയും ചെയ്തത്‌. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിട്ടും എങ്ങുമെത്താതെ പോയതുകൊണ്ട് ആത്മഹത്യക്ക് ശ്രമിച്ച് നടക്കുന്ന ന്യൂട്ടൺ എന്ന കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളുമായിട്ടാണ് ‘ പില്ലോ നത്തിങ് ബട്ട്‌ ലൈഫി’ ൽ അനിൽ ആന്റോ എത്തുന്നത്.

മികച്ച നടൻ, മികച്ച പുതുമുഖ സംവിധായകൻ, മികച്ച പരീക്ഷണചിത്രം, മികച്ച ഛായാഗ്രഹണം തുടങ്ങി വിവിധ മേഖലകളിലായി ഇതുവരെ പതിനേഴോളം ദേശീയ-അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ‘പില്ലോ നത്തിങ് ബട്ട്‌ ലൈഫ്’ പോർട്ട്ബ്ലെയർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കാലബുരാഖി ഇന്റനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിലേയും മികച്ച നടൻ പുരസ്കാരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് പുരസ്കാരങ്ങളുടെ മാറ്റ് കൂട്ടുന്നു. കൂടാതെ ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ ഫൈനൽ റൗണ്ടിൽ എത്തുകയും, പ്രത്യേക പരാമർശം നേടുകയും ചെയ്തിരുന്നു. ഇപ്പോഴും പല ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലും പങ്കെടുക്കുന്നതിനാൽ ‘പില്ലോ നത്തിങ് ബട്ട്‌ ലൈഫ്’ ഇതുവരെ റീലീസ് ചെയ്തിട്ടില്ല. ചിത്രത്തിന്റെ ട്രെയിലർ ഉടൻ റീലീസ് ചെയ്യും.

നീണ്ട 4 വർഷം ന്യൂസീലൻഡിൽ ചിലവഴിക്കുന്നതിനിടയിൽ ‘വൗ നൗ ‘ എന്ന കിവി പ്രൊഡക്ഷൻ ഹൗസിനൊപ്പം ചേർന്ന് സിബി ടി മാത്യൂ എഴുതി സംവിധാനം ചെയ്ത “CULPA” എന്ന ഇംഗ്ലീഷ് ഹ്രസ്വചിത്രം ചെയ്തു. അനിൽ ആന്റോയ്ക്കൊപ്പം ലീഡ് റോൾ ചെയ്ത നായിക മുതൽ ക്യാമറയുടെ മുന്നിലും പിന്നിലുമായി ഉണ്ടായിരുന്നവർ എല്ലാം തന്നെ വിദേശ ടെക്നീഷ്യൻസ് ആയിരുന്നു. അനിൽ ആന്റോ വൈദികന്റെ വേഷത്തിൽ എത്തിയ CULPA, സിങ്ക് സൗണ്ടിലാണ് പൂർത്തിയാക്കിയത്. CULPA യിലെ മികച്ച പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടതോടെ, വൗ നൗ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ തന്നെ പുറത്തിറങ്ങിയ സിക്സ് എക്സ്കവേഷൻ എന്ന വെബ് സീരീസിലേക്കുമുള്ള അവസരം തുറന്ന് കിട്ടി.

തനിക്കായി ഒരു കഥാപാത്രത്തെ വെബ്സീരീസിൽ സൃഷ്ടിച്ചത്, തനിക്ക് ലഭിച്ച മറ്റൊരു അവാർഡായി കരുതാനാണ് അനിൽ ആന്റോയ്‌ക്ക് ഇഷ്ടം. അതോടൊപ്പം റഷ്യൻ-കിവി അഭിനേതാക്കളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതും അഭിനയ ജീവിതത്തിലെ മറ്റൊരു ഭാഗ്യമാണെന്ന് വിശ്വസിക്കുകയാണ് അനിൽ ആന്റോ.

സൂഫിയും സുജാതയും സംവിധാനം ചെയ്ത ഷാനവാസ് നരണിപുഴയുടെ ആദ്യ ചിത്രമായ ‘അവിചാരിത’ എന്ന ചിത്രത്തിലും നല്ല വേഷം ലഭിച്ചിരുന്നു. ചിത്രത്തിന്റെ റീലീസ് നീണ്ടുപോയതുകൊണ്ട് ഉടൻ തന്നെ ഒടിടി റിലീസിന് തയാറെടുക്കുകയാണ്. പിന്നീട് 2020 ൽ പുറത്തിറങ്ങിയ, ജറ്റ്‌ലിയെ നായകനാക്കി നിക്കി കാരോ സംവിധാനം ചെയ്ത ‘MULAN’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്റ്റാർ നൗ എന്ന ഇന്റർനാഷണൽ കാസ്റ്റിംഗ് ഏജൻസി നടത്തിയ ഓഡിഷനിൽ 12000-ത്തോളം പേർ പങ്കെടുത്തിരുന്നു. അതിൽ നിന്ന് അവസാന 11 പേരിലേക്കും പിന്നീട് സിനിമയിലെ കഥാപാത്രം ആവാനും ഉള്ള ഭാഗ്യം ലഭിച്ചിരുന്നു. ‘മുലന്ന് വേണ്ടി പങ്കെടുത്ത ആദ്യറൗണ്ട് ഓഡിഷൻ, കോസ്റ്റ്യൂം ടെസ്റ്റ്, മേക്കപ്പ് ടെസ്റ്റ് എന്നിവയൊക്കെ വേറിട്ട അനുഭവം തന്നെയാണെന്നാണ് അനിലിന്റെ അഭിപ്രായം.

ഷിബു ആൻഡ്രൂസ് സംവിധാനം ചെയ്ത് പൂർണമായും ന്യൂസീലൻഡിൽ ചിത്രീകരിച്ച് അനിൽ ആന്റോ ടൈറ്റിൽ റോളിൽ എത്തുന്ന ‘പപ്പ’ ആണ് ഉടനെ റീലീസ് ആകാൻ പോകുന്ന ചിത്രം. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റീലീസ് ചെയ്യും. നരേഷ് ഐയ്യർ ഒരു ഗാനവും ആലപിച്ചിട്ടുണ്ട് ചിത്രത്തിൽ. ആനന്ദ് കൃഷ്ണ രാജ് ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന ആർ ജെ മഡോണ എന്ന ത്രില്ലർ ചിത്രമാണ് റിലീസിന് തയാറെടുക്കുന്ന മറ്റൊരു ചിത്രം.

തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മുൻപ് ഇരുവരുടെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൊറർ-ത്രില്ലർ ഷോർട്ട്ഫിലിം ‘റിയർവ്യൂ’ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇവ കൂടാതെ കോളിവുഡ് സെൻസേഷൻ യാഷിക ആനന്ദ് കേന്ദ്രകഥാപാത്രമാകുന്ന ഭുവൻ സംവിധാനം ചെയ്യുന്ന ‘സൾഫർ ‘ എന്ന തമിഴ് ചിത്രമാണ് ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം.

ഡബ്ബിംഗ് പൂർത്തിയായികൊണ്ടിരിക്കുന്ന ‘കമൽ’ എന്ന തെലുങ്ക് ചിത്രത്തിലും അനിൽ ആന്റോ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തിരക്കഥ കേട്ട് ഒഫീഷ്യൽ അനൗൺസ്മെന്റിന്‌ കാത്തിരിക്കുന്ന മൂന്നോളം ചിത്രങ്ങൾ. ചെറിയ ഒരിടവേളയ്ക്ക് ശേഷം മികച്ച കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ സജീവമാകുകയാണ് അനിൽ ആന്റോ.

[ot-video][/ot-video]