ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളി നേഴ്സ് മരിച്ച് മണിക്കൂറുകൾക്കകം ഭർത്താവും യാത്രയായി. ചികിത്സക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ അനിൽ യുകെയിൽ തിരിച്ചെത്തി ഉടനെ കുഴഞ്ഞു വീണ് മരണമടഞ്ഞിരുന്നു. ഇതിൻറെ മനോവിഷമത്തിലാണ് ഭർത്താവ് അനിൽ ചെറിയാൻ ജീവനൊടുക്കിയത്. സോണിയയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് യുകെ മലയാളികളെ ഒന്നാകെ ഞെട്ടിച്ച് അനിനെ വീടിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കോട്ടയം പനച്ചിക്കാടാണ് അനിൽ ചെറിയാന്റെ സ്വദേശം. അനിലും മരണം വരിച്ചതോടെ ഇവരുടെ രണ്ടു മക്കളായ ലിയയും ലൂയിസും അനാഥരായി.
സോണിയയുടെ ആശ്രിത വിസയിൽ ആയിരുന്നു അനിൽ യുകെയിൽ എത്തിയത്. സോണിയയുടെ മരണത്തോടെ ഇനി എന്ത് എന്ന ചോദ്യം അനിലിനെ മാനസികമായി തളർത്തിയിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഞാൻ സോണിയയുടെ അടുത്തേയ്ക്ക് പോകുകയാണ് മക്കളെ നോക്കണം എന്ന് അനിൽ സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു. ഭാര്യ മരിച്ചതിനെ തുടർന്ന് ആശ്രിത വിസയിൽ വന്ന തന്റെയും മക്കളുടെയും യുകെയിലെ ഭാവി അനിലിന് മുന്നിൽ ചോദ്യചിഹ്നമായി ഉയർന്നു വന്നു എന്നാണ് പുറത്തു വരുന്ന സൂചനകൾ.
റെഡ്ഡിച്ചിലെ അലക്സാണ്ട്ര ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു അനിലിന്റെ ഭാര്യ സോണിയ . 39 വയസു മാത്രമായിരുന്നു പ്രായം. കാലിലെ ഒരു സർജറി സംബന്ധമായി പത്ത് ദിവസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെയാണ് ആകസ്മിക മരണം സോണിയയെ തേടിയെത്തിയത്.
സോണിയയുടെയും അനിലിൻെറയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply