ന്യൂസ് ഡെസ്ക് , മലയാളം യുകെ

ടൊറന്റോ: ബലൂചിസ്ഥാനിലെ പാകിസ്ഥാൻ അതിക്രമങ്ങളെക്കുറിച്ച് വർഷങ്ങളായി ശബ്ദമുയർത്തിയിരുന്ന പ്രമുഖ ബലൂചിസ്ഥാൻ ആക്ടിവിസ്റ്റ് കരിമ ബലൂച്ചിനെ കാനഡയിലെ ടൊറന്റോയിൽ മരിച്ച നിലയിൽ കണ്ടെത്തി. 2015 ൽ പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്ത 37കാരിയായ മുൻ വിദ്യാർത്ഥി നേതാവും പ്രവർത്തകയുമായ ബലൂച്ചിനെ ഞായറാഴ്ച ടൊറന്റോയിൽ നിന്ന് കാണാതായിരുന്നു. ടൊറന്റോയിലെ ലേക്‌ഷോറിനടുത്തുള്ള ഒരു ദ്വീപിൽ നിന്ന് മുങ്ങിമരിച്ച നിലയിലാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ‌എസ്‌ഐയ്ക്ക് ബലൂച്ചിന്‍റെ മരണത്തിൽ പങ്കുണ്ടെന്ന് സൂചനയുണ്ട്. പാകിസ്ഥാൻ സൈന്യത്തെയും ഭരണകൂടത്തെയും നിശിതമായി വിമർശിച്ചിച്ചതിലൂടെ ജനശ്രദ്ധ നേടിയ വ്യക്തിയാണ് ബലൂച്ച്.

തീവ്രവാദ ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്നാണ് 2015 ലാണ് അവർ പാകിസ്ഥാൻ വിട്ടത്. എങ്കിലും ബലൂചിസ്ഥാനിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി സോഷ്യൽ മീഡിയയിലൂടെയും വ്യക്തിപരമായും അവർ പ്രചാരണം തുടർന്നു. കരിമയുടെ മരണം കുടുംബത്തിന് മാത്രമല്ല, ബലൂച്ച് ദേശീയ പ്രസ്ഥാനത്തിനും ഒരു തീരാദുഃഖമാണെന്ന് സഹോദരി അറിയിച്ചു. 2016 ൽ ബിബിസിയുടെ ഏറ്റവും സ്വാധീനമുള്ള മികച്ച 100 വനിതകളിൽ ഒരാളായി അവർ തിരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനം നടത്തിയത് അന്താരാഷ്ട്ര പ്രശംസ നേടിയപ്പോൾ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്, രക്ഷാ ബന്ധനോടനുബന്ധിച്ച് ബലൂചിസ്ഥാൻ ദേശീയവാദികളെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചതോടെ ഇന്ത്യക്കാർക്കും കരിമ പ്രിയപ്പെട്ടവളായി.

പാകിസ്ഥാനിലെ ഏറ്റവും വൈരുദ്ധ്യമുള്ള പ്രദേശങ്ങളിലൊന്നായ ബലൂചിസ്ഥാനിലെ വനിതാ ആക്ടിവിസത്തിന്റെ തുടക്കക്കാരിയാണ് കരിമ. ബലൂചിസ്ഥാൻ നിർബന്ധിതവും നിയമവിരുദ്ധവുമായ അധിനിവേശമാണെന്ന് 2018 ൽ ടൊറന്റോയിൽ നടന്ന പരിപാടിയിൽ കരിമ വെളിപ്പെടുത്തിയിരുന്നു. ടൊറന്റോയിൽ എത്തിയ ശേഷം ഹമാൽ ബലൂച് എന്ന സഹപ്രവർത്തകനെ കരിമ വിവാഹം ചെയ്തു. തുടർന്നും സോഷ്യൽ മീഡിയയിലും കാനഡയിലെയും യൂറോപ്പിലെയും മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു. കരിമയുടെ മരണവാർത്തയറിഞ്ഞ ബലൂചിസ്ഥാൻ ദേശീയ പ്രസ്ഥാനം (ബി‌എൻ‌എം) 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.