ഏപ്രില്‍ അഞ്ചിന് രാത്രിയില്‍ വിളക്കുകത്തിയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തിന് വ്യാജ ശാസ്ത്ര വ്യാഖ്യാനം ചമച്ച് പലരും രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ ഐഎംഎയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് കെ കെ അഗര്‍വാള്‍ അടക്കം ഇത്തരം വ്യാജ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ഇത്തരം പ്രസ്താവനകളെ ട്രോളുകളിലൂടെ പരിഹസിച്ച് പലരും രംഗത്തെത്തി. ജനം ടിവി ചീഫ് അനില്‍ നമ്പ്യാരുടെ പേജില്‍ ഷെയര്‍ ചെയ്ത അബദ്ധജടിലമായ പോസ്റ്റാണ് പുതിയ ചര്‍ച്ചാവിഷയം.

അശാസ്ത്രീയമായ ന്യായീകരങ്ങള്‍ പങ്കുവയ്ക്കുന്ന സംഘപരിവാറുകാരെ പരിഹസിച്ചുകൊണ്ട് മുകേഷ്‌ കുമാർ എഴുതിയ പോസ്റ്റാണ് ആധികാരികമായ കാര്യമായി അനില്‍ നമ്പ്യാര്‍ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. അബദ്ധം മനസ്സിലായപ്പോള്‍ അക്കൗണ്ടില്‍നിന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും പേജില്‍ ഇപ്പോഴും പോസ്റ്റ് ഉണ്ട്. അതില്‍ത്തന്നെ ആദ്യത്തെ വരിയായ ‘വാട്ട്‌സാപ്പ് കേശവന്‍ മാമന്‍മാരുടെ ജോലി ലഘൂകരിക്കാനായി തയ്യാറാക്കിയ കുറിപ്പാണ് താഴെ…കോപ്പി ലെഫ്റ്റാണ്. ആര്‍ക്കും ഉപയോഗിക്കാം. ബഹുജനഹിതായ..ബഹുജനസുഖായ..’ എന്നത് ഒഴിവാക്കിയാണ് പോസ്റ്റ് ഇട്ടതും.

പോസ്റ്റ്:

‘ചൈത്രമാസത്തിലെ ദ്വാദശിയില്‍ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് എന്നത് പ്രത്യേകം ഓര്‍ക്കുക). ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഢകള്‍ക്കും പരിഹാരമാകുമെന്ന് ഋഷിമാര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. വിളക്ക് കത്തിക്കുന്നതോടൊപ്പം ഈ ശ്ലോകവും ഒമ്പത് വട്ടം ഉരുവിടണം.

‘സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്തായതേ നമഃ’

വിളക്ക് കത്തിക്കുമ്പോള്‍ ചലന സ്വഭാവമുള്ള ജ്വാലയില്‍ നിന്ന് വമിക്കുന്ന രജോ കണങ്ങള്‍ അന്തരീക്ഷത്തിലെ നിര്‍ഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി പരിവര്‍ത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകള്‍ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്. ഇപ്പോള്‍ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാന്‍ പറഞ്ഞതിന് പിന്നിലെ ശാസ്ത്രം? വെറുതേ ഒരു കാര്യം ചെയ്യാന്‍ നമ്മുടെ മോദിജി ആവശ്യപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?’.