കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്ന് ഭാര്യ മായ പനച്ചൂരാന്‍.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മായ ഇക്കാര്യം അറിയിച്ചത്. കായംകുളം എംഎല്‍എ പ്രതിഭ ഉള്‍പ്പടെയുള്ളവര്‍ തനിക്ക് ജോലിയും കുടുംബത്തിന് മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതെല്ലാം വാഗ്ദാനങ്ങളായി ഒടുങ്ങുക മാത്രമാണ് ചെയ്തത് എന്ന് മായ പറയുന്നു. പ്രതിഭ എംഎല്‍എ അനുശോചന യോഗങ്ങളില്‍ പൊട്ടിക്കരഞ്ഞതും തന്റെ ശ്രദ്ധയില്‍പ്പെട്ടു.
‘ദുരന്തമുഖങ്ങളില്‍ തലകാണിക്കാന്‍ രാഷ്ട്രീയക്കാര്‍ എത്തുന്ന വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കാണാറുണ്ട്, വാഗ്ദാനങ്ങള്‍ നല്‍കുന്നത് പത്രമാധ്യമങ്ങളില്‍ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും’ മായ കുറിച്ചു.
സാംസ്‌കാരിക വകുപ്പിന് കീഴില്‍ ജോലിയൊന്നും ഇല്ല എന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറിയിപ്പും മായ പങ്കുവെച്ചിട്ടുണ്ട്.
പൂർണ്ണരൂപം എങ്ങനെ…
‘നമസ്തേ🙏🏼
അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനിൽ പനച്ചൂരാനെ ഓർമിക്കുന്ന ധാരാളം പേർ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, ‘ജോലി വലതുമായോ ‘ എന്ന്.അത്തരം കോളുകൾ ഒന്നും തന്നെ ഞാൻ ഇപ്പോൾ attend ചെയ്യാറില്ല. കാരണം നല്ല വാർത്തകൾ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല!
ആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ ഈ വീട്ടിൽ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. അത്തരം വാർത്തകൾ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളിൽ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം MLA ശ്രീമതി. പ്രതിഭ ഉൾപ്പടെയുള്ള പ്രമുഖർ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത് (ശ്രീമതി പ്രതിഭ അനുശോചന യോഗങ്ങളിൽ പൊട്ടികരഞ്ഞതും) എന്റെ ശ്രദ്ധയിലും പെട്ടിരുന്നു.
അനിൽ പനച്ചൂരാനെ സ്നേഹിക്കുന്ന, ഞങ്ങളുടെ ദൗർഭാഗ്യങ്ങളിൽ വേദനിക്കുന്ന ആയിരക്കണക്കിനാളുകൾ ഉണ്ടെന്നറിയാം. അവരോട് എന്തു പറയണം എന്നറിയില്ലായിരുന്നു…( എന്റെ ജോലിയുമായി ബന്ധപ്പെട്ട വാർത്തകളുടെ സത്യാവസ്ഥ പറഞ്ഞുപറഞ്ഞു ഞാൻ തന്നെ മടുത്തിരുന്നു ) ഇപ്പോൾ ഒരു മറുപടിയായി. അത് ഇവിടെ സമർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി… ദുരന്തമുഖങ്ങളിൽ തലകാണിക്കാൻ രാഷ്ട്രീയക്കാർ എത്തുന്ന വാർത്തകൾ നമ്മൾ നിരന്തരം കാണാറുണ്ട്;വാഗ്ദാനങ്ങൾ നൽകുന്നത് പത്രമാധ്യമങ്ങളിൽ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാർത്തകൾ വിശ്വസിക്കരുത്.
മായ പനച്ചൂരാൻ’
Leave a Reply