ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കെറ്ററിംഗിൽ കൊല്ലപ്പെട്ട മലയാളി നേഴ്സ് അഞ്ചുവിന്റെയും (35) മക്കളായ ജീവ (6 ), ജാൻവി (4) എന്നിവരുടെയും മൃതദേഹങ്ങൾ ഇന്ന് പുറപ്പെടും. തന്റെ മകളെയും കൊച്ചുമക്കളെയും അവസാനമായി ഒരു നോക്കു കാണണമെന്നതും അന്ത്യവിശ്രമം ജന്മനാട്ടിൽ ഒരുക്കണമെന്നതും അഞ്ജുവിന്റെ അച്ഛൻ അശോകന്റെ ആഗ്രഹമായിരുന്നു. നാളെ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അഞ്ജുവിന്റെയും മക്കളുടെയും ശവദാഹം ക്രമീകരിച്ചിരിക്കുന്നത്.
അഞ്ജുവിനും മക്കൾക്കും കണ്ണീരോടെയാണ് ഇംഗ്ലീഷുകാർ ഉൾപ്പെടെയുള്ള സഹപ്രവർത്തകരും യുകെ മലയാളികളും വിട നൽകിയത്. അഞ്‌ജുവിന് യുകെയിൽ മറ്റു ബന്ധുക്കൾ ആരുമില്ലാത്തതുകൊണ്ട് സഹപ്രവർത്തകനായ മനോജ് മാത്യുവിനെയാണ് നെക്സ്റ്റ് ഓഫ് കിൻ ആയി അഞ്‌ജുവിന്റെ കുടുംബം നിയോഗിച്ചത്. മനോജ് മാത്യു മൃതദേഹങ്ങളെ കേരളത്തിലേക്ക് അനുഗമിക്കുന്നുണ്ട്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകങ്ങളിൽ അഞ്ജുവിന്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാൻ ബ്രിട്ടനിലെ മലയാളി സമൂഹവും ഇന്ത്യൻ എംബസിയും എൻഎച്ച്എസും ഉണർന്ന് പ്രവർത്തിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക ചിലവുകൾ വഹിച്ചത് ഇന്ത്യൻ എംബസിയാണ്. എൻഎച്ച്സിലെ അഞ്ജുവിന്റെ സഹപ്രവർത്തകനായ മനോജ് മാത്യുവിന് മൃതദേഹങ്ങളെ നാട്ടിലേക്ക് അനുഗമിക്കുന്നതിനായുള്ള ലീവ് ആനുകൂല്യങ്ങൾ എൻഎച്ച്എസ് നൽകിയിരുന്നു. ബ്രിട്ടനിലെ മലയാളി സമൂഹം സമാഹരിച്ച 30 ലക്ഷത്തിലധികം വരുന്ന തുക അഞ്ജുവിന്റെ കുടുംബത്തിന് കൈത്താങ്ങായി കൈമാറും.
ഡിസംബർ 15നാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച സംഭവം ബ്രിട്ടനിൽ അരങ്ങേറിയത്. കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളായ അഞ്ജുവിനെയും രണ്ടു മക്കളെയും ഭർത്താവ് കണ്ണൂർ സ്വദേശിയായ സാജു ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കേസിന്റെ അന്വേഷണങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ബ്രിട്ടീഷ് സ്കോട്ട്‌ലൻഡ് യാർഡിലെ രണ്ട് അന്വേഷണ ഉദ്യോഗസ്ഥർ മൃതദേഹത്തിനൊപ്പം കേരളത്തിലേയ്ക്ക് തിരിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ വിസ സംബന്ധമായ പ്രശ്നങ്ങൾ മൂലം അവരുടെ കേരളത്തിലേയ്ക്കുള്ള യാത്ര അടുത്ത ആഴ്ചയിലേക്ക് മാറ്റിവച്ചതായി അഞ്ജുവിന്റെ കുടുംബം നെക്സ്റ്റ് ഓഫ് കിൻ ആയി നിയോഗിച്ച മനോജ് മാത്യു മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കേരളത്തിലെത്തി അഞ്ജുവിന്റെയും പ്രതിയായ ഭർത്താവ് സാജുവിന്റെയും ബന്ധുക്കളിൽ നിന്ന് വിശദമായ മൊഴിയെടുക്കാനാണ് ബ്രിട്ടനിൽ നിന്ന് പോലീസ് കേരളത്തിലെത്തുന്നത്











Leave a Reply