ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവറില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്നിശമനസേനാംഗങ്ങളെ അനുമോദനങ്ങള്‍കൊണ്ട് മൂടി മേലുദ്യോഗസ്ഥര്‍. കത്തിയെരിഞ്ഞുകൊണ്ടിരുന്ന ബഹുനില മന്ദിരത്തില്‍ കുടുങ്ങിയവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് ധീരരായ ഇവര്‍ എത്തിയതെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡിലെ കമാന്‍ഡര്‍മാര്‍ പറഞ്ഞു. 24 നില കെട്ടിടത്തിലെ തീപ്പിടിത്തം വിചാരിക്കുന്നതിലും ഭീകരമായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരായ പാറ്റ് ഗോള്‍ബോണ്‍, റിച്ചാര്‍ഡ് വെല്‍ഷ് എന്നിവര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഇവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ ആ രാത്രിയില്‍ മരിക്കാന്‍ പോലും തയ്യാറായിരുന്നുവെന്ന് വ്യക്തമാക്കി. കെട്ടിടത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിന് കയറിയ ഓരോ സേനാംഗവും ജീവന്‍ പണയംവെച്ചാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. പുലര്‍ച്ചെ 1 മണിക്കു ശേം തനിക്കാണ് ആദ്യമായി തീപ്പിടിത്തത്തേക്കുറിച്ച് വിവരം ലഭിച്ചതെന്ന് വെല്‍ഷ് പറഞ്ഞു. ആദ്യം സ്ഥലത്തെത്തിയ സംഘം ആറ് ഫയര്‍ എന്‍ജിനുകളുമായാണ് എത്തിയത്. പിന്നീട് അവര്‍ എട്ടെണ്ണം ആവശ്യപ്പെട്ടു. പിന്നീട് അത് പത്ത് ആയി. ഒടുവില്‍ 25 എണ്ണം ആവശ്യമാണെന്ന് കേട്ടത് സ്ഥളത്തേക്കുള്ള യാത്രക്കിടെയായിരുന്നുവെന്ന് വെല്‍ഷ് പറയുന്നു.

തങ്ങളുടെ ജീവന്‍വെച്ചുള്ള കളിയാണെന്ന് അവിടെയെത്തിയപ്പോള്‍ത്തന്നെ മനസിലായെന്ന് ഗോള്‍ബോണ്‍ പറയുന്നു. താഴത്തെ നിലയില്‍ നിന്നുള്ള തീനാളങ്ങള്‍ കെട്ടിടത്തെയാകെ വിഴുങ്ങുന്ന ദൃശ്യമാണ് അവിടെ കാണാന്‍ സാധിച്ചത്. ഇത്തരത്തിലൊന്ന് ആദ്യമായാണ് തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുള്ള ഫ്‌ളാറ്റുകളിലേക്ക് എത്തുക എന്നത് അസാധ്യമായ കാര്യമായിരുന്നു. സ്‌റ്റെയറുകള്‍ വഴി ഹോസുകള്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പുക നിറഞ്ഞത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഐടിവിയുടെ ഇന്‍സൈഡ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് എന്ന ഡോക്യുമെന്ററിക്കുവേണ്ടി സംസാരിക്കുകയായിരുന്നു ഇവര്‍.