എംജി സർവ്വകലാശാല പരീക്ഷയ്ക്കിടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ചേർപ്പുങ്കൽ ബിവിഎം കോളജിന് ജാഗ്രത കുറവെന്ന് സർവകലാശാല അന്വേഷണ സമിതി. ഹാൾ ടിക്കറ്റിന് പിന്നിൽ ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലിരുത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.

അന്വഷണ സമിതി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് കൈമാറും. അതിന് ശേഷമായിരിക്കും തുടർനടപടിയുണ്ടാവുക.പരീക്ഷയ്ക്കിടെ ഇത്തരം ക്രമക്കേടുകൾ കണ്ടെത്തിയാൽ വിദ്യാർത്ഥിനിയെ പിന്നെ ക്ലാസിൽ ഇരുത്താൻ പാടില്ലെന്നാണ് സർവകലാശാല ചട്ടമെന്നും ബിവിഎം കോളജ് ഇതു ലംഘിക്കുകയും അഞ്ജുവിനെ ക്ലാസിലിരുത്തി മാനസികമായി തളർത്തിയെന്നുമാണ് അന്വേഷണസമിതിയുടെ വിലയിരുത്തൽ.

ഇക്കാര്യം വ്യക്തമാക്കി സംഭവം അന്വേഷിക്കുന്ന സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകും. ഡോഎംഎസ് മുരളി, ഡോ. അജി സി പണിക്കർ, പ്രൊഫസർ വിഎസ് പ്രവീൺകുമാർ എന്നിവരാണ് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയംഗങ്ങൾ. അന്വേഷണസംഘം ഇന്നലെ രാവിലെ കോളജിലെത്തി വിവരം ശേഖരിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം അഞ്ജുവിൻറെ കൈയക്ഷരം പരിശോധിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചു. പരീക്ഷാദിവസം ഹാൾടിക്കറ്റിന്റെ പുറകിൽ എഴുതിയിരുന്ന പാഠഭാഗങ്ങൾ അഞ്ജുവിന്റേതാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്.

ഇതിനായി അഞ്ജുവിന്റെ പഴയ നോട്ട്ബുക്കുകൾ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്നും പൊലീസ് ശേഖരിച്ചു. നോട്ട്ബുക്കും ഹാൾടിക്കറ്റും തിരുവനന്തപുരത്തെ പൊലീസ് ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും. രണ്ട് ദിവസത്തിനുള്ളിൽ ഫലം ലഭിക്കും. ഫലം വരുന്നതോടെ കോപ്പിയടിച്ചെന്ന ആരോപണത്തിൽ വ്യക്തത വരും.