നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു.
2014–ലായിരുന്നു ജോമോന്റെയും ആൻ അഗസ്റ്റിന്റെയും വിവാഹം. മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ.
എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞു. വിവാഹ ശേഷം രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ആൻ അഭിനയിച്ചത്.
ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരിൽ ഒരാളാണ് ജോമോൻ ടി. ജോൺ. ചാപ്പാകുരിശിലൂടെ സ്വതന്ത്രഛായാഗ്രാഹകനായ അദ്ദേഹം മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകൾക്കു കാമറ ചലിപ്പിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രൺവീർ സിങ് ചിത്രത്തിലാണ് ജോമോൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.
Leave a Reply