ഹൃദയാഘാതമുണ്ടായ 17-കാരി ആന്‍ മരിയയുമായി ആംബുലന്‍സ് കട്ടപ്പനയിലെ ആശുപത്രിയില്‍നിന്ന് എറണാകുളം ഇടപ്പള്ളയിലെ അമൃത ആശുപത്രിയിലെത്തി. രണ്ടുമണിക്കൂര്‍ 39 മിനിറ്റിലാണ് ആംബുലന്‍സ് 132 കിലോമീറ്റര്‍ പിന്നിട്ടത്. കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്നാണ് KL 06 H 9844 നമ്പറിലുള്ള ആംബുലന്‍സ് അമൃത ആശുപത്രിയില്‍ എത്തിയത്. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി വിവിധ തലങ്ങളിലുള്ളവര്‍ കൈകോര്‍ത്തപ്പോള്‍, ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന നിമിഷങ്ങളാണ് കട്ടപ്പനയില്‍നിന്ന് കൊച്ചിയിലേക്കുള്ള പാതയിലുണ്ടായത്.
കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായിരുന്നു. കട്ടപ്പനയിലെ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്. രാവിലെ 11.37-നാണ് ആംബുലന്‍സ് കട്ടപ്പനയില്‍നിന്ന് പുറപ്പെട്ടത്. 2.17-ഓടെ അമൃത ആശുപത്രിയിലെത്തി. ആംബുലന്‍സിന് വഴിയൊരുക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹവും കൊച്ചിയിലേക്ക് ആംബുലന്‍സിനൊപ്പം തിരിച്ചിരുന്നു. ആംബുലന്‍സിന് വഴിയൊരുക്കാനും ഗതാഗതം നിയന്ത്രിക്കാനും പോലീസ് ഒപ്പമുണ്ടായിരുന്നു. വാഹനത്തിന് വഴിയൊരുക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും അഭ്യര്‍ഥനയുണ്ടായിരുന്നു. ഹൈറേഞ്ചില്‍ നിന്ന് കൊച്ചിയിലേക്ക് വഴി വളവുകള്‍ നിറഞ്ഞതും അതീവ ദുഷ്‌കരമായ പാതയാണ് ഉള്ളത്.
Leave a Reply