തൃശ്ശൂർ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യ കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് നടത്തിയ സംസ്ഥാനതല ചെസ്സ് ടൂർണമെന്റിന്റെ സമ്മാനദാന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1973ൽ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴായിരുന്നു അത്. തന്നെ ചെസ്സ് കളിക്കാൻ പ്രാപ്തനാക്കിയ വ്യക്തിയായിരുന്നു കളപ്പുരയ്ക്കൽ വാസു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെ അന്നാ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞുവെന്നും എൻ. ആർ. പറഞ്ഞു.

ടൂർണമെന്റിൽ, റേറ്റഡ് വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി അനെക്സ് കാഞ്ഞിരവില്ല ചാംപ്യനായി. ഒന്നര ഗ്രാം ഗോൾഡ് കോയിനും കളപ്പുരയ്ക്കൽ വാസു മെമ്മോറിയൽ ട്രോഫിയുമാണ് അവാർഡ്. രണ്ടാം സ്ഥാനം മലപ്പുറം സ്വദേശി ബാല ഗണേശൻ കരസ്ഥമാക്കി. അൺറേറ്റഡ് വിഭാഗത്തിൽ തൃശ്ശൂർ സ്വദേശി സവാദ് ഷംസുദ്ദീൻ ചാംപ്യനായി.

അണ്ടർ 15 വിഭാഗത്തിൽ, തൃശ്ശൂർ കുരിയിച്ചിറ സെന്റ്. പോൾസ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥി അഹാസ്‌ ഇ.യു. ചാംപ്യനായി. റേറ്റഡ് വിഭാഗത്തിലെ രണ്ടാം സ്ഥാനത്തിനും അൺറേറ്റഡ് വിഭാഗത്തിലും അണ്ടർ 15 വിഭാഗത്തിലും ഓരോ ഗ്രാം ഗോൾഡ് കോയിനുകളാണ് അവാർഡ്. എല്ലാ ജില്ലകളിൽനിന്നും പ്രാതിനിധ്യം ലഭിച്ച ടൂർണമെന്റിൽ, റേറ്റഡ് വിഭാഗത്തിൽ 78 പേരും അൺറേറ്റഡ് വിഭാഗത്തിൽ 103 പേരും അണ്ടർ 15 വിഭാഗത്തിൽ 131 പേരും പങ്കെടുത്തു. 79 അവാർഡുകളിലായി ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽപരം രൂപയുടെ അവാർഡുകളാണ് വിതരണം ചെയ്തത്.

ഏഷ്യൻ ബോഡി ബിൽഡർ താരം ഏ. പി. ജോഷി, ടൂർണമെന്റ് രക്ഷാധികാരികളായ വി. മുരുകേഷ്, കെ. എം. രവീന്ദ്രൻ എന്നിവരും അവാർഡ് വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ ഗോകുലൻ കളപ്പുരയ്ക്കൽ, കോർഡിനേറ്റർ സാജു പുലിക്കോട്ടിൽ, സംഘാടക സമിതി വൈസ് ചെയർമാൻ ഇ.എം. വിദുരർ, പി. വി. സന്തോഷ്, പ്രിയങ്ക ഭട്ട്, സദു, മോഹൻദാസ് ഇടശ്ശേരി, സുബിൻ.കെ. എസ്സ്. എന്നിവർ പ്രസംഗിച്ചു.