ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇംഗ്ലണ്ടിൽ പതിനൊന്ന് പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ യുകെയിലുള്ള കേസുകളുടെ എണ്ണം 207 ആയെന്ന് പുതിയതായി കണ്ടെത്തിയ രോഗികളെ കുറിച്ച് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വെളിപ്പെടുത്തുന്നതോടൊപ്പം മിക്ക കേസുകളും സ്വവർഗാനുരാഗികളിലും ബൈസെക്ഷ്വൽ പുരുഷന്മാരിലാണെന്നും കണ്ടെത്തിയതായി പറഞ്ഞു. ഇത്തരത്തിലുള്ള പുരുഷന്മാരിൽ എന്തെങ്കിലും തരത്തിലുള്ള മുറിവോ തിണർപ്പോ ചൊറിച്ചിലോ കണ്ടെത്തിയാൽ ഉടനെ തന്നെ ഒരു ലൈംഗികാരോഗ്യ ക്ലിനിക്കുമായി ബന്ധപ്പെടേണ്ടതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ആഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ ആളുകളിലാണ് രോഗം സാധാരണയായി കണ്ടെത്തിയത്. ഇപ്പോൾ ഇത് രണ്ടു ഡസൻ രാജ്യങ്ങളിൽ കാണപ്പെടുന്നുണ്ട്. എന്നാൽ നിലവിലെ പൊട്ടിത്തെറിക്ക് കാരണം എന്താണെന്ന് ശാസ്ത്രജ്ഞർക്ക് ഇപ്പോഴും അറിയില്ല. ഇന്നലെ രാത്രി യു.കെ.എച്ച്.എസ്.എ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യുകെയിലെ കേസുകളുടെ എണ്ണം കൂടുതലായി ഗേ ബാറുകൾ, സോനകൾ, ഡേറ്റിംഗ് ആപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. രാജ്യത്ത് നടന്ന അണുബാധകളിൽ 60 ശതമാനത്തിലേറെയും സ്വവർഗാനുരാഗികളിലും ബൈസെക്ഷ്വൽ പുരുഷന്മാരുടെയും ഇടയിലാണ്. ഇതിൽ 86 ശതമാനത്തിലധികം ജനങ്ങൾക്കും രോഗം പിടിപ്പെട്ടത് ലണ്ടനിലാണ് . രണ്ട് കേസുകൾ മാത്രമാണ് സ്ത്രീകളിൽ റിപ്പോർട്ട് ചെയ്തത്.
യുകെയിൽ റിപ്പോർട്ട് ചെയ്ത അണുബാധകളിൽ 87 ശതമാനവും 20 നും 49 നും ഇടയിൽ പ്രായം ഉള്ളവരിലാണ്. കൂടാതെ 111 കേസുകൾ പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷന്മാരിൽ ആണെന്നും കണ്ടെത്തിയിരുന്നു. യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂരിഭാഗം രോഗികളിലും വിദേശത്തെക്കാൾ കൂടുതൽ യുകെയിൽ വെച്ച് തന്നെ വൈറസ് പിടിപ്പെട്ടവരാണ്. ഗേ ബാറുകൾ, സോനകൾ, യുകെയിലും വിദേശത്തുമുള്ള ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗം’ എന്നിവയുമായി കോൺടാക്റ്റ് ട്രെയ്‌സിംഗ് ടീമുകൾ അണുബാധയുടെ പകർച്ചയെ ബന്ധപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സ്വവർഗ്ഗാനുരാഗികളുടെ ഡേറ്റിംഗ് ആപ്പായ ഗ്രൈൻഡർ കുരങ്ങുപനി ലക്ഷണങ്ങളുള്ള ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു. ലോകത്താകമാനം ഏകദേശം 617 കുരങ്ങുപനി കേസുകളാണ് സ്‌ഥിരീകരിച്ചിട്ടുള്ളത്. യുകെയ്ക്ക് പിന്നാലെ സ്പെയിൻ (156) പോർച്ചുഗൽ (138) കാനഡ (54) എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്‌ഥിരീകരിച്ചിട്ടുള്ളത്.
Leave a Reply