ബേസിൽ ജോസഫ്

ബെല്ലാരി രാജാസ് ബീഫ് ഫ്രൈ

ചേരുവകൾ

ബീഫ് -1 കിലോ

വെളുത്തുള്ളി – 1 കുടം

ഇഞ്ചി – 2 പീസ്

കുഞ്ഞുള്ളി – 15 എണ്ണം

മഞ്ഞൾപൊടി -1 1 / 2 ടീസ്പൂൺ

മുളകുപൊടി -2 ടീസ്പൂൺ

മല്ലിപ്പൊടി -2 ടീസ്പൂൺ

പെരുജീരകപ്പൊടി -1 ടീസ്പൂൺ

കറിവേപ്പില -2 തണ്ട്

വെളിച്ചെണ്ണ -50 എംൽ

കൊണ്ടാട്ടം മുളക് -4 എണ്ണം
ചുവന്ന മുളക്(വറ്റൽമുളക്) -5 എണ്ണം

സബോള – 2 എണ്ണം

കുരുമുളക് പൊടി -1 / 2 ടീസ്പൂൺ

ഗരം മസാല – 1 ടീസ്പൂൺ

പച്ചമുളക് -2 എണ്ണം

പാചകം ചെയ്യുന്ന വിധം

ബീഫ് ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു അല്പം വിനാഗിരി ഒഴിച്ച് നന്നായി കഴുകി എടുക്കുക .1 പീസ് ഇഞ്ചി , 10 വെളുത്തുള്ളി അല്ലി ,10 കുഞ്ഞുള്ളി എന്നിവ തൊലി കളഞ്ഞു ഒരു മിക്സിയിൽ പേസ്റ്റ് ആക്കി എടുക്കുക. ഒരു മിക്സിങ് ബോളിലേയ്ക്ക് ബീഫ് മാറ്റി 1 ടീസ്പൂൺ മഞ്ഞൾപൊടി ,മുളക്പൊടി ,മല്ലിപൊടി ,പെരുംജീരകപ്പൊടി, അരച്ച് വച്ചിരിക്കുന്ന പേസ്റ്റ്,1 തണ്ടു കറിവേപ്പില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക . ഒരു പാനിൽ അല്പം ഓയിൽ ചൂടാക്കി മസാല ചേർത്ത് വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി കുക്ക് ചെയ്യുക .ഇടയ്ക്കിടയ്ക്ക് നന്നായി ഇളക്കിക്കൊടുക്കുക. കുക്ക് ആയി വരുന്നതനുസരിച്ചു ചെറു തീയിൽ നന്നായി വരട്ടി എടുത്തു മാറ്റി വയ്ക്കുക .ഇനിയാണ് ഈ റെസിപ്പിയുടെ രണ്ടാമത്തെ കുക്കിംഗ് സ്റ്റെപ്പ്. അതായത് ബെല്ലാരി രാജ സ്പെഷ്യൽ ബീഫ് ഫ്രൈ യുടെ മാത്രം പാചക രീതി . ഇനി മറ്റൊരു പാനിലേയ്ക്ക് അല്പം ഓയിൽ ചൂടാക്കി കൊണ്ടാട്ടം മുളക് വറുത്തെടുക്കുക ,വറ്റൽമുളക്,വറുത്തെടുത്ത കൊണ്ടാട്ടം മുളക് എന്നിവ പൊടിച്ചെടുത്തു വയ്ക്കുക .ചുവടു കട്ടിയുള്ള ഒരു പാനിൽ അരിഞ്ഞു വച്ചിരിക്കുന്ന 1 കഷണം ഇഞ്ചി,5 അല്ലി വെളുത്തുള്ളി, 5 കുഞ്ഞുള്ളി,പച്ചമുളക് ,അര ടീസ്പൂൺ മഞ്ഞൾപ്പൊടി ,ഗരം മസാല ,കുരുമുളക് പൊടി എന്നിവ ചെറിയ തീയിൽ വഴറ്റി എടുക്കുക . മസാലയുടെ പച്ച മണം മാറി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സബോളയും കൂടി ചേർത്ത് വഴറ്റുക . ഓയിൽ വലിഞ്ഞു നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേയ്ക്ക് പൊടിച്ചു വച്ചിരിക്കുന്ന മുളക് ചേർത്തിളക്കി വരട്ടി വച്ചിരിക്കുന്ന ബീഫ് കൂടി ചേർത്ത് ചെറുതീയിൽ നന്നായി ഫ്രൈ ചെയ്തെടുക്കുക . ഇടയ്ക്ക് അല്പം വെളിച്ചെണ്ണ കൂടിചേർത്ത് കൊടുത്താൽ നല്ല ഡാർക്ക് ബ്രൗൺ കളർ ആയി കിട്ടും . ബെല്ലാരി സ്പെഷ്യൽ ബീഫ് വളരെ എരിവുള്ള ഒരു ഡിഷ് ആയി തോന്നുമെങ്കിലും അത്രക്ക് എരിവ് ഉള്ള ഒരു ഫ്രൈ അല്ല . ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ ഒരു നല്ല കോംബോ ആണ്.

ബേസിൽ ജോസഫ്