അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ്-19 വ്യാപനം രൂക്ഷമായതോടെ ഓരോ ദിവസവും കർശനമായ നിയന്ത്രണങ്ങളിലൂടെ വൈറസ് വ്യാപനം തടയാൻ ഉള്ള ശ്രമത്തിലാണ് യുകെ. അതിൻറെ ഭാഗമായി ഇന്നുമുതൽ 20 ദശലക്ഷം ജനങ്ങൾ കൂടിയാണ് യുകെയിൽ കടുത്ത നിയന്ത്രണ പരിധിയിലേയ്ക്ക് വരുന്നത്. നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൻെറ ഭാഗമായി ഇംഗ്ലണ്ടിലെ ഒട്ടുമിക്ക സെക്കൻഡറി സ്കൂളുകളും രണ്ടാഴ്ചത്തേയ്ക്ക് കൂടി അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. വൈറസ് വ്യാപനത്തിന് സ്കൂൾ വിദ്യാർത്ഥികൾ കാരണമാകുന്നെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ മലയാളികൾ വളരെയേറെയുള്ള സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്നു മുതൽ ടയർ – 4 നിയന്ത്രണത്തിലേയ്ക്ക് പ്രവേശിച്ചു. ഇപ്പോൾ തന്നെ റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ താങ്ങാവുന്നതിലധികം കോവിഡ്-19 രോഗികൾ നിറഞ്ഞിരിക്കുകയാണ്. പക്ഷേ സ്റ്റോക്ക് ഓൺ ട്രെന്റിലെ അണുബാധ നിരക്ക് മറ്റു പല സ്ഥലങ്ങളെക്കാളും കുറവാണെന്നത് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും സ്റ്റോക്ക് ഓൺ ട്രെന്റിനെ ബിർമിംഗ്ഹാം റീജിയണിൽ ഉൾപ്പെടുത്തി ടയർ – 4 നിയന്ത്രണ പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

പൊതു ജനങ്ങൾ നിയന്ത്രണങ്ങളോടു സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. 2021 ഏപ്രിൽ മാസത്തോടെ കാര്യങ്ങൾ സാധാരണനിലയിലേയ്ക്ക് എത്തിച്ചേരുമെന്ന അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനിടെ ഫൈസർ വാക്സിനൊപ്പം ഓക്സ്ഫോർഡ് വാക്സിനും യുകെയിൽ അന്തിമാനുമതി ലഭിച്ചത് വാക്‌സിനേഷൻ കൂടുതൽ സുഗമമാക്കും . തിങ്കളാഴ്ചമുതൽ ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള കുത്തിവെയ്പ്പ് ആരംഭിക്കും. വൈറസ് വ്യാപനത്തെ തടയുന്നതിൽ ഇത് നിർണ്ണായക പങ്ക് വഹിക്കും എന്നാണ് കരുതപ്പെടുന്നത്. പക്ഷേ പ്രതിരോധ കുത്തിവെയ്പ്പുകൾ നടക്കുന്നുണ്ടെങ്കിലും വൈറസ് വ്യാപനം അനിയന്ത്രിതമാണെന്നും എല്ലാവർക്കും വാക്സിനേഷൻ രണ്ടാം ഡോസ് ലഭിക്കുന്ന സമയം വരെ ജനങ്ങൾ കരുതലോടെ ഇരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പുനൽകി