ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന സ്ത്രീകളെ ലൈംഗിക അടിമകളാക്കാൻ ക്രിമിനൽ സംഘങ്ങൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്‌. റഷ്യയുടെ യുക്രൈൻ അധിനിവേശം പത്താം ദിനത്തിലെത്തി നില്‍ക്കുമ്പോള്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി നിലനില്‍ക്കാനുള്ള യുക്രൈന്റെ ചെറുത്തുനില്‍പ്പ് തുടരുകയാണ്. യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്ന് ഇതുവരെ പത്ത് ലക്ഷത്തില്‍ അധികം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാൽ പോളണ്ട്, മോൾഡോവ, റൊമാനിയ, സ്ലൊവാക്യ, ഹംഗറി തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് എഴുപത് ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തിട്ടുണ്ടാകാമെന്ന് യൂറോപ്യൻ യൂണിയൻ അധികൃതരും ഐക്യരാഷ്ട്രസഭയും ഭയപ്പെടുന്നു. മനുഷ്യക്കടത്തിൽ അസ്വസ്ഥജനകമായ വർദ്ധനവ് ഉണ്ടാകാൻ സാധ്യത ഏറെയാണെന്നും അവർ ആശങ്കപ്പെടുന്നു.

പലായനം ചെയ്യുന്നവരിൽ ചിലർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോ അടിമകളോ ലൈംഗിക തൊഴിലാളികളോ ആയി മാറുമെന്ന് ഡെയിലിമെയിൽ റിപ്പോർട്ട്‌ ചെയ്തു. സ്ത്രീകൾക്ക് അയൽരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന സംഘങ്ങളെ പറ്റി ഇതിനകം റിപ്പോർട്ട്‌ വന്നിട്ടുണ്ട്. “വാർസോയിലേക്ക് സൗജന്യമായി കൊണ്ടുപോകാമെന്ന് പറഞ്ഞ ഒരാളുടെ കൂടെയാണ് എന്റെ സുഹൃത്ത് പോയത്. എന്നാൽ അവൾ അവിടെ എത്തിയപ്പോൾ അയാൾ പണം ചോദിച്ചു. അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്ത് കടം വീട്ടണമെന്ന് പറഞ്ഞു.” – 27 കാരിയായ യുക്രൈൻ സ്ത്രീയുടെ വെളിപ്പെടുത്തൽ.

യുക്രൈനിലെ യുദ്ധം മനുഷ്യക്കടത്ത് വർധിപ്പിക്കുമെന്ന് ചാരിറ്റി കെയറിന്റെ ഹ്യൂമൻ ട്രാഫിക്കിങ് പോളിസി വിദഗ്ധനായ ലോറൻ ആഗ്ന്യൂ പറഞ്ഞു. അഭയാർത്ഥികൾ ചൂഷണത്തിനിരയാകാനുള്ള സാധ്യത വലുതാണ്. അഭയാർത്ഥികൾ പലായനം ചെയ്യുന്ന രാജ്യങ്ങൾ ക്രിമിനൽ സംഘങ്ങളുടെ കേന്ദ്രമാണ്. അവർ അതിലൂടെ ലാഭമുണ്ടാക്കുന്നു. പലായനം ചെയ്തെത്തുന്ന ആളുകളെ യൂറോപ്പിലേക്കും യുകെയിലേക്കും എത്തിക്കാനുമുള്ള ഒരു ബിസിനസ് അവസരമായാണ് അവർ യുദ്ധത്തെ കാണുന്നത് – ആഗ്ന്യൂ വ്യക്തമാക്കി.

അതേസമയം, മനുഷ്യക്കടത്ത് എന്ന ഹീനമായ കുറ്റകൃത്യത്തെ നേരിടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര ഓഫീസ് വക്താവ് പറഞ്ഞു. യുക്രൈനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും യുക്രൈൻ സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.