ന്യൂഡല്‍ഹി: നോട്ട് നിരോധനം ഇന്ത്യയില്‍ കറന്‍സി ഉപയോഗിച്ചുള്ള അവസാന പരീക്ഷണമാകില്ലെന്ന് സൂചന. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്‌റ്റോകറന്‍സി രംഗത്തേക്ക് ഇറങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡാര്‍ക്ക് വെബില്‍ വിനിമയത്തിന് ഉപയോഗിക്കുന്ന ബിറ്റ്‌കോയിനുകളേക്കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ. അതിന്റെ ഔദ്യോഗിക വേര്‍ഷന്‍ ആര്‍ബിഐ പരീക്ഷിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിറ്റ്‌കോയിനുകള്‍ വിജയകരമായി കൈകാര്യം ചെയ്യപ്പെടുന്നതാണ് അത്തരം ഒരു സാധ്യത വിനിയോഗിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.
വിര്‍ച്വല്‍ കറന്‍സികള്‍ ഉപയോഗിക്കുന്നതിനെതിരെ വ്യാപകമായ മുന്നറിയിപ്പുകള്‍ റിസര്‍വ് ബാങ്ക് നല്‍കിയിട്ടും പ്രതിദിനം 2500 പേരെങ്കിലും ബിറ്റ്‌കോയിന്‍ ഉപയോക്താക്കളായി ചേര്‍ക്കപ്പെടുന്നുണ്ടെന്ന് ഒരു ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് ഏജന്റ് വെളിപ്പെടുത്തി. അഞ്ച്‌ലക്ഷം ഡൗണ്‍ലോഡുകളെങ്കിലും ഒരു ദിവസം ഉണ്ടാകുന്നുണ്ടത്രേ! 2015ല്‍ സ്ഥാപിതമായ ഈ എക്‌സ്‌ചേഞ്ച് കമ്പനി ജനങ്ങള്‍ക്ക് വിര്‍ച്വല്‍ കറന്‍സികള്‍ കൂടുതല്‍ പ്രിയപ്പെട്ടതായി മാറുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. പുതിയൊരു ആസ്തി വ്യവസ്ഥയായി ഇവ മാറുന്നുവെന്നാണ് വ്യക്തമാക്കപ്പെടുന്നത്.
ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യന്‍ കറന്‍സിക്ക് പകരം വിര്‍ച്വല്‍ കറന്‍സികള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണ് ആര്‍ബിഐയിലെ വിദഗ്ദ്ധര്‍ എന്നും സൂചനയുണ്ട്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടെ പേരിലായിരിക്കും ഈ ബിറ്റ്‌കോയിന്‍ അറിയപ്പെടുക. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ക്രിപ്‌റ്റോകറന്‍സിയുടെ പ്രോട്ടോടൈപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഡച്ച് സെന്‍ട്രല്‍ ബാങ്കും സ്വന്തമായി ക്രിപ്‌റ്റോകറന്‍സി നിര്‍മിച്ചിട്ടുണ്ട്.
Leave a Reply