ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത വർഷം യുകെയിലെ കൗൺസിൽ നികുതി 110 പൗണ്ട് വരെ വർധിച്ചേക്കാം. പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞെങ്കിലും കൗൺസിൽ നികുതി വർദ്ധനയുടെ പരിധി 5 ശതമാനമായി തുടരുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിക്കുകയായിരുന്നു. പുതിയ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ വിമർശനങ്ങൾ പൊങ്ങി വരുന്നുണ്ട്. സാധാരണ കൗൺസിൽ നികുതിയിലെ വർദ്ധനവ് 5 ശതമാനമോ അതിൽ കൂടുതലോ ഉണ്ടായാൽ ഒരു പൊതു ജനഹിതപരിശോധന നടത്താറുണ്ട്.
ബജറ്റിലെ ദേശീയ ഇൻഷുറൻസ് വർദ്ധനവ് പ്രാദേശിക സർക്കാരുകൾക്ക്, പ്രത്യേകിച്ച് പരിചരണ സേവനങ്ങളിൽ ചെലവ് വർദ്ധിപ്പിക്കുമെന്ന് വാദിച്ച് പ്രതിപക്ഷ നേതാവ് കെമി ബാഡെനോക്ക് രംഗത്ത് വന്നു. പ്രാദേശിക ഗവൺമെൻ്റ് ഫണ്ടിംഗിൽ 2.4 ബില്യൺ പൗണ്ടിൻ്റെ കുറവും കൺസർവേറ്റീവുകൾ ചൂണ്ടി കാണിച്ചു. ഇത് 6.6 ശതമാനം നികുതി വർദ്ധനവിന് കാരണമാകും. അതായത്, ബാൻഡ് ഡി പ്രോപ്പർട്ടികൾക്ക് ഏകദേശം 143 പൗണ്ട് അധിക നികുതി അടയ്‌ക്കേണ്ടതായി വരും.
ഹൗസ് ഓഫ് കോമൺസിൽ നടന്ന ചർച്ചയ്ക്കിടെ, കൗൺസിൽ നികുതി പരിധി നീക്കം ചെയ്യുമോ എന്ന് കെമി ബാഡെനോക്ക് ചോദിച്ചിരുന്നു. എന്നാൽ ഇതിനെ വ്യക്തമായുള്ള ഒരു മറുപടിയായിരുന്നില്ല സർ കെയർ സ്റ്റാർമർ നൽകിയത്. സമീപകാല ബജറ്റിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ചെലവുകൾ, പ്രത്യേകിച്ച് പരിചരണ സേവനങ്ങൾക്ക്, നികുതികൾ വർദ്ധിപ്പിക്കാൻ കൗൺസിലുകളെ പ്രേരിപ്പിക്കുമെന്ന് ബഡെനോക്ക് ചൂണ്ടിക്കാട്ടി. മുതിർന്നവർക്കുള്ള സാമൂഹിക പരിപാലനത്തിന് മതിയായ ഫണ്ട് നൽകാത്തതിനെയും അവർ വിമർശിച്ചു. എൻഎച്ച്എസ്, സ്കൂളുകൾ എന്നിവയിലെ നിക്ഷേപത്തിന് മുൻഗണന നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സർ കെയർ ബജറ്റിനെ ന്യായീകരിച്ചു. കഴിഞ്ഞ 14 വർഷമായി മുൻ സർക്കാർ അനുവദിച്ചതിനേക്കാൾ കൂടുതൽ അനുകുല്യങ്ങൾ ലേബർ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെന്ന് പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി.
Leave a Reply