ആന്റി ബാക്ടീരിയല്‍ വൈപ്‌സ് കീടങ്ങളെ ഇല്ലാതാക്കുന്നതില്‍ ഫലപ്രദമല്ലെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍. ആന്റി ബാക്ടീരിയല്‍ വൈപ്‌സ് ഉപയോഗിച്ച് വൃത്തിയാക്കുന്ന അടുക്കളയില്‍ ഏതാണ്ട് ഇരുപത് മിനിറ്റിനുള്ളില്‍ കീടങ്ങള്‍ വീണ്ടും നിറയുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വൈപ്‌സ് ഉപയോഗിക്കുന്നവര്‍ ഇതിനായി ചെലവഴിക്കുന്ന പണം പാഴാവുകയാണെന്നും ഇവ ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷം സാധാരണ ഗണത്തില്‍പെടുന്ന ബാക്ടീരിയകളുടെ ഒരു സെല്ലെങ്കിലും നശിക്കാതെ ബാക്കിയുണ്ടെങ്കില്‍ ഏകദേശം 20 മിനിറ്റുകോണ്ട് ഇവ പെരുകി സര്‍വ്വ വ്യാപിയാകുമെന്ന് ന്യൂകാസിലിലെ നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റി ബയോമെഡിക്കല്‍ ശാസ്ത്രജ്ഞ ഡേ. ക്ലെയര്‍ ലാനിയോണ്‍ സാക്ഷ്യപ്പെടുത്തുന്നു. ബാക്ടീരിയകളെ നേരിടുന്നതില്‍ ബാര്‍ സോപ്പുകളാണ് താരതമ്യേന മികച്ചു നില്‍ക്കുന്നതെന്നും ബാര്‍ സോപ്പില്‍ അടങ്ങിയിരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ കീടങ്ങളുടെ കോശഭിത്തികളെ നശിപ്പിക്കാന്‍ പ്രാപ്തിയുള്ളവയാണെന്നും ഡോ. ലാനിയോണ്‍ പറയുന്നു.

ബിബിസിയിലെ ‘ട്രസ്റ്റ് മി ഐ ആം എ ഡോക്ടര്‍’ പരിപാടിയില്‍ ആന്റി ബാക്ടീരിയില്‍ വൈപ്‌സ് ഉപയോഗിച്ചതിനു ശേഷവും 12 മണിക്കൂറിനുള്ളില്‍ അടുക്കളയില്‍ കീടങ്ങള്‍ പെരുകുന്നതിനെ അടിസ്ഥാനപ്പെടുത്തി ഒരു പരീക്ഷണം നടത്തിയിട്ടുള്ള ശാസ്ത്രജ്ഞയാണ് ഡോ. ലാനിയോണ്‍. മാംസ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്തതിനു ശേഷം അടുക്കള വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അപകടകരമായ രോഗാണുക്കള്‍ പെരുകാന്‍ സാധ്യതയുണ്ട്. ബാര്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് അപകടകാരികളായ കീടങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ കഴിയുമെന്ന് ഡോ. ലാനിയോണ്‍ പറയുന്നു. നിമിഷ നേരംകൊണ്ട് പെറ്റുപെരുകുന്ന ബാക്ടീരിയകളുടെ ആക്രമണത്തില്‍ നിന്ന് അടുക്കളയെ പൂര്‍ണമായും സംരക്ഷിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. ചില ബാക്ടീരിയകള്‍ പെരുകാന്‍ വേണ്ട സമയം ഏതാണ്ട് 20 മിനിറ്റുകള്‍ മാത്രമാണ്. അതുകൊണ്ടു തന്നെ ഒന്നില്‍ നിന്ന് മില്ല്യണിലേക്ക് പെറ്റുപെരുകാന്‍ ഇവയ്ക്ക് അധികം സമയം ആവശ്യമില്ല. വെറും 6.6 മണിക്കൂറിനുള്ളില്‍ കോടിക്കണക്കിന് ബാക്ടീരിയകളായി വിഘടിക്കാന്‍ ഇവയ്ക്ക് കഴിവുണ്ടെന്ന് ലാനിയോണ്‍ ടെലഗ്രാഫിനോട് പറഞ്ഞു.

നമ്മുടെ വീടിന്റെ ഒരോ മുക്കും മൂലയും വൃത്തിയാക്കിയ ശേഷവും നമ്മള്‍ അതൃപ്തരാവേണ്ട ആവശ്യമില്ല. എല്ലാ കീടങ്ങളില്‍ നിന്നും വീടിനെ സംരക്ഷിക്കുകയെന്നത് അസാധ്യമാണ്. രോഗാണുക്കള്‍ക്കിടയില്‍ ജീവിക്കുന്നത് ഒരു പരിധി വരെ നമ്മുടെ രോഗപ്രതിരോധ ശേഷിയെ ശക്തമായി നിലനിര്‍ത്തുന്നതിന് സഹായിക്കും. ബാക്ടീരിയകളില്‍ നിന്ന് 100 ശതമാനം മുക്തി നേടാന്‍ കഴിയില്ലെന്നും പഠനം പറയുന്നു. വ്യക്തിപരമായി താന്‍ ആന്റി ബാക്ടീരിയല്‍ വൈപ്‌സ് ഉപയോഗിക്കാറില്ലെന്നും ഡോ. ലാനിയോണ്‍ കൂട്ടിച്ചേര്‍ത്തു.