ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ 24 കൗൺസിലുകളിലെയും 6 മേയർ സ്ഥാനങ്ങളിലേയ്ക്കും നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് സാധാരണ ഗതിയിൽ യുകെ മലയാളികളുടെ ഇടയിൽ അധികം ചർച്ചാവിഷയമാകേണ്ട കാര്യമായിരുന്നില്ല. മലയാളികളുടെ ഇടയിൽ മാത്രമല്ല യുകെയിലേയ്ക്ക് ജോലിക്കായി കുടിയേറിയ ഒട്ടുമിക്ക അന്യരാജ്യക്കാരുടെ ഇടയിലും ഇനി യുകെയെ സ്വപ്നം കാണുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള കേരളം പോലുള്ള സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് ഫലം വൻ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. അതിൻറെ പ്രധാനകാരണം ലേബർ പാർട്ടിയെയും കൺസർവേറ്റീവ് പാർട്ടിയെയും തറ പറ്റിച്ചുകൊണ്ട് റീഫോം യുകെ നേടിയ വിജയമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറഞ്ഞത് ആറ് കൗണ്ടി കൗൺസിലുകളുടെയും ഒരു മേയർ സ്ഥാനത്തെക്കും റീഫോം യുകെ വെന്നികൊടി പാറിച്ചു. ഇതിലുപരി സുരക്ഷിതമെന്ന് കണക്കാക്കപ്പെട്ടിരുന്ന ഒരു പാർലമെന്ററി ഉപതിരഞ്ഞെടുപ്പിൽ ഭരണത്തിലിരിക്കുന്ന ലേബർ പാർട്ടിയെ നേരിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തുകയും ചെയ്തതു . ഒരു പക്ഷെ റീഫോം യുകെ സമീപ ഭാവിയിൽ മുഖ്യപ്രതിപക്ഷത്തേയ്ക്ക് എത്തിച്ചേരുമെന്ന സൂചനകളിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. മെയ് 1 ലെ തിരഞ്ഞെടുപ്പിൽ നിന്നുള്ള വോട്ടുകൾ വെള്ളിയാഴ്ചയും എണ്ണുമ്പോൾ ലേബറിനും കൺസർവേറ്റീവുകൾക്കും ലഭിച്ച സംയുക്ത വോട്ട് 50% ൽ താഴെയാണ് . യുകെയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത് സംഭവിച്ചത്. രാജ്യത്തുടനീളം റിഫോം 30% വോട്ട് നേടി. ലേബർ 20% വോട്ടും ലിബറൽ ഡെമോക്രാറ്റുകൾ 17% വോട്ടും നേടി . കൺസർവേറ്റീവുകൾ 15% വോട്ടും നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കേരളത്തിൽ നിന്ന് നിരവധി പേരാണ് ആരോഗ്യമേഖലയിൽ ഒരു ജോലിക്കായി യുകെയെ സ്വപ്നം കാണുന്നത്. നിലവിൽ എൻഎച്ച്എസിൽ ജോലിചെയ്യുന്ന ഭൂരിപക്ഷം അന്യ രാജ്യക്കാരിൽ കൂടുതലും മലയാളി നേഴ്സുമാരാണ്. കുടിയേറ്റ വിരുദ്ധ ആശയങ്ങൾ മുദ്രാവാക്യംആക്കിയ റീഫോം യുകെ ഭാവിയിൽ ബ്രിട്ടനിൽ ഭരണത്തിലേറിയാൽ നടപ്പിലാകുന്ന നയങ്ങൾ ലക്ഷ കണക്കിന് ബ്രിട്ടനിലെ കുടിയേറ്റക്കാരെ സാരമായി ബാധിക്കുമെന്ന ആശങ്ക പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. കുടിയേറ്റ വിരുദ്ധതയും ബ്രിട്ടീഷ് പൗരന്മാരുടെ തൊഴിൽ ഇല്ലായ്മയും ഉയർത്തി റീഫോം യുകെ അധികാരത്തിൽ എത്തിയാൽ ഇമിഗ്രേഷൻ നടപടിക്രമങ്ങളിൽ കാതലായ നയമാറ്റങ്ങൾ സംഭവിച്ചേക്കാം. യുകെയിൽ ജോലി ലഭിക്കുന്നതിനുള്ള യോഗ്യത മാനദണ്ഡങ്ങൾ കർശനമാക്കപ്പെടുമെന്ന അഭിപ്രായം ശക്തമായി ഉയരുന്നുണ്ട്. റിഫോം യുകെയുടെ വിജയം ബ്രിട്ടണിലെ രാഷ്ട്രീയ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് .