ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ എൻഎച്ച്എസ് സ്റ്റാഫുകളും, സോഷ്യൽ കെയർ ജീവനക്കാരും നിർബന്ധമായി വാക്സിൻ എടുത്തിരിക്കണമെന്ന നിലപാട് പുനഃപരിശോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഗവൺമെന്റ്. ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഈ തീരുമാനം നടപ്പിലാക്കിയാൽ എൺപതിനായിരത്തോളം സ്റ്റാഫുകളുടെ കുറവുണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് സർക്കാർ നിലപാട് പുനഃപരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

നിലവിലെ ഒമിക്രോൺ വകഭേദം മറ്റുള്ളവയെക്കാൾ മാരകമല്ലാത്തതിനാൽ മന്ത്രിമാരും പുതിയ മാറ്റം അംഗീകരിക്കാനാണ് സാധ്യത. റോയൽ കോളേജ് ഓഫ് നേഴ്സിങ്, റോയൽ കോളേജ് ഓഫ് മിഡ് വൈഫ് സ്, റോയൽ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷ്നേഴ്സ് എന്നിവർ എല്ലാവരും തന്നെ വാക്സിൻ നിർബന്ധമാക്കുന്ന തീരുമാനത്തിനെതിരെ മുന്നോട്ടുവന്നിരുന്നു. ഏപ്രിൽ മാസത്തോടെ എല്ലാ ജീവനക്കാരും രണ്ടു ഡോസ് വാക്സിനും എടുത്തിരിക്കണമെന്നായിരുന്നു ഇതുവരെയുള്ള സർക്കാർ നിലപാട്. ഇതിൻപ്രകാരം ആദ്യ ഡോസ് വാക്സിൻ ഫെബ്രുവരി -3 ഓടുകൂടി എടുത്താൽ മാത്രമേ ജീവനക്കാർക്ക് ഏപ്രിലിൽ രണ്ടാമത്തെ ഡോസ് പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളൂ. ഈ ഡേറ്റ് അടുത്ത് വരാൻ ഇരിക്കെയാണ് തീരുമാനത്തിൽ ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ.

ഒമിക്രോൺ വകഭേദം തീവ്രത കുറഞ്ഞതാണ്. അതിനാൽ തന്നെ വാക്സിൻ നിർബന്ധമാക്കണമോ എന്നത് സംബന്ധിച്ച് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും പുനഃപരിശോധന ഉണ്ടാകുമെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കിയിരുന്നു. ഇതോടെ നിലവിൽ ഈ തീരുമാനം മൂലം ജോലി നഷ്ടപ്പെട്ടിരിക്കുന്ന കെയർ ഹോം ജീവനക്കാർക്ക് തിരികെ കയറാൻ ആകും.