ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ തിങ്കളാഴ്ച നടന്ന കത്തിയാക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ച സംഭവം കടുത്ത സാമൂഹിക സംഘർഷത്തിന് വഴിവച്ചതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സംഭവത്തിൽ 17 വയസ്സുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൗമാരക്കാരനായ ആക്രമിയെ കുറിച്ച് വിവരങ്ങൾ പുറത്തു വിടുന്നത് പോലീസിന് നിയമപരമായ നിയന്ത്രണമുണ്ട്. ഇയാൾ തീവ്ര ഇസ്ലാമിസ്റ്റ് കുടിയേറ്റക്കാരനാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിച്ചതാണ് ചൊവ്വാഴ്ച സൗത്ത് പോർട്ടിൽ സംഘർഷം ഉണ്ടായതിന് പിന്നിലെ കാരണമെന്നാണ് കരുതപ്പെടുന്നത്.
ആക്രമികൾ പോലീസ് വാനുകൾക്ക് തീയിടുകയും മോസ്കിന് നേരെ ഇഷ്ടികകളും കുപ്പികളും പടക്കങ്ങളും എറിയുകയും ചെയ്തു. വലതുപക്ഷ ഇസ്ലാം വിരുദ്ധ ഗ്രൂപ്പിൻറെ പിന്തുണക്കാരാണ് പ്രതിഷേധങ്ങൾക്ക് പിന്നില്ലെന്നാണ് പോലീസ് കരുതുന്നത്. പ്രതിഷേധക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ 53 പോലീസുകാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അതിൽ എട്ടുപേരുടെ പരുക്ക് ഗുരുതരമാണ്. മൂന്ന് പോലീസ് നായ്ക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതായി കരുതുന്ന നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ തിരിച്ചറിയാൻ പോലീസ് പരിശ്രമിക്കുകയാണ്.
ഇതിനിടെ ഇന്നലെ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിന് സമീപം തടിച്ചുകൂടിയ ആയിരങ്ങൾ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. ഞങ്ങളുടെ കുട്ടികളെ രക്ഷിക്കൂ, ഞങ്ങൾക്ക് നമ്മുടെ രാജ്യം തിരികെ വേണം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. സൗത്ത് പോർട്ടിലെ ആക്രമണങ്ങളിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രദേശവാസികൾ അല്ലെന്നാണ് പോലീസ് നൽകുന്ന സൂചന. ഇതിനിടെ ആസൂത്രിതമായി സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അപലപിച്ചു. അക്രമകാരികൾ നിയമത്തിന്റെ ശക്തി തിരിച്ചറിയുമെന്ന് അദ്ദേഹം താക്കീത് നൽകി .
Leave a Reply