ന്യൂസ് ഡെസ്ക്. മലയാളം യുകെ

ഒക്ടോബർ 28 -ന് സ്കോട്ട് ലാൻ്റിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൻ്റെയും യുസ്മ നാഷണൽ കലാമേളയുടെയും ലോഗോ പ്രകാശനം മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോണിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിക്കും.
കോട്ടയം ജില്ലയിലെ കോതനല്ലൂരിലുള്ള വിജയാ പാർക്ക് ഹോട്ടലിൽ വരുന്ന ഞായറാഴ്ച്ച പന്ത്രണ്ട് മണിക്ക് ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നടക്കുന്ന പ്രകാശന കർമ്മത്തിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ, കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു പഴയപുരയ്ക്കൽ , തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൻ്റെ കമ്പ്യൂട്ടർ സയൻസ് വകുപ്പു മേധാവിയും 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവുമായ പ്രൊഫ. റ്റിജി തോമസ് എന്നിവർ സന്നിഹിതരാകും.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതിനെ യുകെ മലയാളി സമൂഹം ആവേശത്തോടെയാണ്ഏറ്റെടുത്തിരിക്കുന്നത്. കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജാ ജോസഫിനൊപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരടങ്ങിയ ജൂറി ആണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. .

സ്കോട്ട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുണൈറ്റഡ് സ്കോട്ട് ലാൻ്റ് മലയാളി അസോസിയേഷൻ്റെ (USMA) നാഷണൽ കലാമേളയും മലയാളം യുകെ അവാർഡ് നൈറ്റിനോടൊപ്പമാണ് നടത്തപ്പെടുന്നത്. സ്കോട്ട് ലാൻ്റ് കണ്ടതിൽ വെച്ചേറ്റവും വലിയ കലാ മാമാങ്കത്തിനാണ് കളമൊരുങ്ങുന്നത്.
പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാണുന്ന മലയാളം യുകെ ന്യൂസിൻ്റെ അവാർഡ് നൈറ്റിൻ്റെ തൽസമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.