ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :-ഒക്ടോബർ 7 കൂട്ടക്കൊലയ്ക്ക് ശേഷം ലണ്ടനിലെ ജൂത – വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ നാലിരട്ടിയായതായി പുറത്തുവന്നിരിക്കുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാമോഫോബിക് സംഭവങ്ങളെക്കാൾ ആദ്യമായാണ് ജൂതന്മാർക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നത്. ഒക്ടോബർ 7 നു ശേഷമുള്ള കഴിഞ്ഞ 11 മാസത്തിനിടയിൽ, 2170 സെമിറ്റിക് വിരുദ്ധ കേസുകളാണ് മെട്രോപൊളിറ്റൻ പോലീസ് അധികൃതർ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അതേ കാലയളവിൽ 1568 ഇസ്ലാമോഫോബിക് വിദ്വേഷ കുറ്റകൃത്യങ്ങൾ മാത്രമാണ് പോലീസ് റെക്കോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇസ്ലാമോഫോബിക് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും മുൻപത്തേതിനേക്കാൾ ക്രമാതീതമായ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

ജൂതവിരുദ്ധ കുറ്റകൃത്യങ്ങളിലും, ഇസ്ലാമോഫോബിക് കുറ്റകൃത്യങ്ങളിലുമുള്ള ഈ വർദ്ധന ആശങ്കയുളവാക്കുന്നതാണെന്ന് അസിസ്റ്റൻ്റ് മെട്രോപോളിറ്റൻ പോലീസ് കമ്മീഷണർ മാറ്റ് ട്വിസ്റ്റ് വ്യക്തമാക്കി. യുകെയിലെ ഏറ്റവും വലിയ ജൂത സമൂഹങ്ങൾ താമസിക്കുന്ന ബാർനെറ്റ്, ഹാക്ക്‌നി, കാംഡെൻ, ഹാരിൻഗെ എന്നിവിടങ്ങളിലും വെസ്റ്റ്മിൻസ്റ്ററിലുമാണ് ജൂത വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ, ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണവും വർദ്ധിക്കാനുള്ള സാധ്യതയാണുള്ളത്.

ജൂത സ്കൂളുകൾക്ക് നേരെയും വിദ്യാർത്ഥികൾക്ക് നേരെയും ആക്രമണങ്ങൾ വർദ്ധിക്കുന്നുണ്ട്. ചിലയിടങ്ങളിൽ യൂണിവേഴ്സിറ്റികളിൽ പോലും ജൂത വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിഎസ്ടിയുടെ റിപ്പോർട്ട് പ്രകാരം, 2024-ൻ്റെ ആദ്യ പകുതിയിൽ നടന്ന 26 അക്രമ സംഭവങ്ങളിൽ, കുറ്റവാളികൾ ഇരയുടെ നേരെ മുട്ട, കല്ലുകൾ, ഇഷ്ടികകൾ, കുപ്പികൾ അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എറിയുകയാണ് ചെയ്തിരിക്കുന്നത്. മറ്റു ചില സംഭവങ്ങളിൽ ഇരയെ തല്ലുകയും ഉപദ്രവിക്കുകയും ചവിട്ടുകയും ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം സംഭവങ്ങൾ കമ്മ്യൂണിറ്റികളുടെ സമാധാന അന്തരീക്ഷം തകർക്കുമെന്ന ഭീതിയാണ് സാധാരണക്കാർക്കിടയിൽ ഉള്ളത്. ശക്തമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മെട്രോപോളിറ്റൻ പോലീസ് അധികൃതർ വ്യക്തമാക്കി.