ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി പാലക്കാട് തത്തമംഗലം ചെന്താമരനഗർ ജി.ബി.യു.പി. സ്കൂളിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം നല്ലേപ്പിള്ളി ഗവ. യു.പി.സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ചിറ്റൂർ മേഖലയിലെ തന്നെ മറ്റൊരു സ്കൂളിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട് തകർത്തനിലയിൽ കണ്ടെത്തുന്നത്.

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് സ്കൂളിന്റെ വരാന്തയിൽ പുൽക്കൂട് സ്ഥാപിച്ചിരുന്നത്.വെള്ളിയാഴ്ച നടന്ന ക്രിസ്മസ് ആഘോഷ പരിപാടികൾക്ക് ശേഷം മുൻവശത്തെ ഇരുമ്പ് ഗ്രില്ലിട്ട വാതിൽ പൂട്ടിയശേഷം അധ്യാപകർ പോവുകയും ചെയ്തു.

പിന്നീട് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പ്രധാനാധ്യാപകൻ ടി.തങ്കരാജ് സ്കൂളിലെത്തിയപ്പോഴാണ് പുൽക്കൂട് തകർത്ത നിലയിൽ കാണുന്നത്. പുൽക്കൂട് സ്ഥാപിച്ചിരുന്നത് ഇരുമ്പ് ഗ്രില്ലിൽ നിന്നും പത്തടിയിലേറെ ഉള്ളിലായാണ്. ഗ്രില്ലിനിടയിലൂടെ നീളമുള്ള ഓലമടൽ ഉപയോഗിച്ച് പുൽക്കൂട് വലിച്ചടുപ്പിച്ചശേഷമാണ് തകർത്തത്. പൂൽക്കൂടിനടുത്ത് സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ, നക്ഷത്രം, അലങ്കാരങ്ങൾ എന്നിവയും പുറത്തെടുത്ത് സ്കൂൾ മുറ്റത്ത് പലയിടത്തായി ഉപേക്ഷിച്ചിട്ടുണ്ട്. പുൽക്കൂട് തകർക്കാനായി ഉപയോഗിച്ച ഓലമടലും സമീപത്തുനിന്ന് തന്നെ കണ്ടെടുത്തു. കല്ലുപയോഗിച്ച് ഗ്രില്ലിന്റെ പൂട്ടുപൊളിക്കാൻ ശ്രമംനടന്നതായും സൂചനകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്കൂളിൽ സി.സി. ടി.വി. ക്യാമറയില്ല. മാത്രമല്ല, നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്കൂൾ മതിലിന്റെ ഒരുഭാഗം പൊളിച്ചിട്ടിരിക്കുകയാണ്. സ്കൂൾ അധികൃതരുടെ പരാതിയിൽ ചിറ്റൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

നല്ലേപ്പിള്ളിയിലെ സംഭവത്തിന് പിന്നിലുള്ളവർ തന്നെയാണ് തത്തമംഗലം സ്കൂളിലെ പുൽക്കൂട് തകർത്തതിനും പിന്നിലെന്ന് സംശയിക്കുന്നതായി സ്കൂൾ സന്ദർശിച്ച മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ബോധപൂർവം തകർത്തതാണെന്നും മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ കരുതിയിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.