തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ആന്റണി രാജു എംഎൽഎ അയോഗ്യനായതായി നിയമസഭ സെക്രട്ടറിയേറ്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. കേസിൽ ശിക്ഷാവിധി പ്രസ്താവിച്ച നിമിഷം മുതൽ തന്നെ അയോഗ്യത പ്രാബല്യത്തിലായിരുന്നുവെങ്കിലും, തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ ഒഴിവ് വന്നതായി അറിയിക്കുന്ന വിജ്ഞാപനമാണ് തിങ്കളാഴ്ച പുറത്തിറങ്ങിയത്. ഇതോടെ മണ്ഡലത്തിൽ എംഎൽഎയുടെ സ്ഥാനം ഔദ്യോഗികമായി ഒഴിവായതായി സ്ഥിരീകരിച്ചു.
2013-ലെ സുപ്രീംകോടതി വിധിയും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച്, രണ്ടുവർഷമോ അതിലധികമോ തടവുശിക്ഷ ലഭിക്കുന്ന എംപിയോ എംഎൽഎയോ വിധി പ്രഖ്യാപിക്കുന്ന സമയത്തുതന്നെ അയോഗ്യനാകും. ഈ വ്യവസ്ഥ പ്രകാരം രാജിവെക്കേണ്ടതില്ലാതെ തന്നെ ആന്റണി രാജു അയോഗ്യനായിരുന്നു. ശിക്ഷയുടെ അടിസ്ഥാനത്തിൽ നിയമസഭയുടെ ഔദ്യോഗിക നടപടിക്രമം പൂർത്തിയാക്കുന്നതെന്ന നിലയിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന ആന്റണി രാജുവിന് കോടതി മൂന്നു വർഷം തടവ് ശിക്ഷ വിധിച്ചത്. കേരള നിയമസഭാ ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടപ്പെടുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. ശിക്ഷാനന്തരമായി ആറുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. എന്നാൽ കുറ്റക്കാരനാണെന്ന കണ്ടെത്തൽ മേൽക്കോടതി സ്റ്റേ ചെയ്താൽ മാത്രമേ അയോഗ്യത ഒഴിവാകൂ.











Leave a Reply