കാഞ്ചിയാറില്‍ കഴിഞ്ഞ ദിവസമാണ് യുവ അധ്യാപികയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്റെ ഭാര്യ അനുമോളുടെ (വത്സമ്മ-27) മൃതദേഹം ചൊവ്വാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണു കണ്ടെത്തിയത്. തലയ്ക്കു ക്ഷതമേറ്റു രക്തം വാര്‍ന്നാണു മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഇപ്പോഴിതാ അനുമോള്‍ പിതൃ സഹോദരിക്കയച്ച വാട്സ് ആപ്പ് സന്ദേശം പുറത്ത് വന്നിരിക്കുകയാണ്. മസ്‌ക്കറ്റിലുള്ള ഫിലോമിനയെന്ന സഹോദരിക്കാണ് യുവതി അവസാനമായി സന്ദേശം അയച്ചത്. മാര്‍ച്ച് 17നായിരുന്നു സന്ദേശം അയച്ചത്. 21-ാം തിയതിയാണ് അധ്യാപികയായ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചെത്തിയ ഭര്‍ത്താവ് മോശപ്പെട്ട രീതിയില്‍ സംസാരിക്കുന്നതായി സന്ദേശത്തില്‍ പറയുന്നു.

‘എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് എനിക്കുണ്ട്. എന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നില്‍ക്കാന്‍ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയില്‍ എവിടേലും പോയി ജീവിക്കണം പറയുന്നവര്‍ക്ക് എന്തും പറയാം, അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഒത്തുപോകണമെന്നും ഒന്നിച്ചു കഴിയണമെന്നുമൊക്കെ പറയാം. ഇനി എനിക്ക് അതൊന്നും വേണ്ട. ഒരു പുരുഷന്‍ കൂടെയുണ്ടെങ്കിലേ ജീവിക്കാന്‍ പറ്റുകയുള്ളെന്നൊന്നുമില്ലല്ലോ’, അനുമോള്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.

അനുമോള്‍ അയച്ച സന്ദേശത്തിന് സഹോദരി മറുപടി നല്‍കിയെങ്കിലും തിരിച്ച് പ്രതികരണം ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് അറിയുന്നത് അനുമോള്‍ മരിച്ചുവെന്ന വാര്‍ത്തയാണ്.കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.