തിരുവനന്തപുരം: കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. ഇന്നു മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി. വനിതാ കമ്മീഷന് ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി. കുട്ടിയെ നഷ്ടമായി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞു.
അതേസമയം അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കേറ്റില്‍ അച്ഛന്റെ പേരും മേല്‍വിലാസവും തെറ്റായി രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്ത് എന്നതിന് പകരം ജയകുമാര്‍ എന്നാണ് രേഖപ്പെടുത്തിയത്. മണക്കാടുള്ള മേല്‍വിലാസമാണ് തെറ്റായി നല്കിയതും. 2020 ഒക്ടോബര്‍ 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കേറ്റ് നല്കിയതും.
അജിത്തുമായി പ്രണയത്തിലായത് മുതല്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നുവെന്നും ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കുട്ടിയെ നശിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പ്രസവ ശേഷം സഹോദരിയുടെ വിവാഹത്തിന് ശേഷം കുട്ടിയെ നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് അനുപമയുടെ അടുത്ത് നിന്ന് മാറ്റിയത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം തന്നേയും കുട്ടിയേയും അജിത്തിനൊപ്പം വിടാമെന്നും വീട്ടുകാര്‍ സമ്മതിച്ചിരുന്നുവെന്നും അനുപമ പറഞ്ഞിരുന്നു.
എന്നാല്‍ കുട്ടിയെ എന്നെന്നേക്കുമായി തങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് ജനന സര്‍ട്ടിഫിക്കേറ്റിലെ ക്രമക്കേട് പുറത്ത് വന്നതോടെ തെളിഞ്ഞെന്നും അനുപമയും അജിത്തും ആരോപിച്ചിരുന്നു. തന്റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തില്‍ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകയായ അനുപമ ആരോപിക്കുന്നത്. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും അനുപമ പറയുന്നു.
Leave a Reply