ആറ്റിങ്ങലില്‍ മൂന്നരവയസ്സുകാരിയെയും മുത്തശ്ശിയെയും അമ്മയും കാമുകനും ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമായി പ്രതികള്‍ കൈമാറിയ സന്ദേശങ്ങള്‍. പ്രതികളായ നിനോ മാത്യുവും അനുശാന്തിയും പരസ്പരമയച്ച നാല്‍പതിനായിരത്തോളം സന്ദേശങ്ങളാണ് കേസില്‍ പരിശോധിച്ചത്. ഈ സന്ദേശങ്ങളിലെ ഗൂഢാലോചനാ സ്വഭാവം കേസില്‍ അനുശാന്തിയുടെ പങ്ക് തെളിയിക്കുന്നതില്‍ നിര്‍ണയകമായെന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിനെതിരേ സര്‍ക്കാരിനായി ഹാജരായ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. അംബികാദേവി പറഞ്ഞു.

2014 ഏപ്രില്‍ 16 നാണ് അനുശാന്തിയുടെ മകള്‍ സ്വാസ്തിക ഭര്‍തൃമാതാവ് ഓമന എന്നിവരെ നിനോ മാത്യു വീട്ടില്‍ കയറി വെട്ടിക്കൊന്നത്. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ടെക്‌നോ പാര്‍ക്കില്‍ സഹപ്രവര്‍ത്തകരായ അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള ബന്ധത്തിന് തടസ്സമായതിനാലാണ് പ്രതികള്‍ കൃത്യത്തിന് മുതിര്‍ന്നതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഒന്നാംപ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാംപ്രതി അനുശാന്തിയ്ക്ക് കുറ്റകരമായ ഗൂഢാലോചനയ്ക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. നിനോയുടെ വധശിക്ഷ ശരിവെക്കാനായി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചിരുന്നു. എന്നാല്‍, അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ബെഞ്ച് നിനോ മാത്യുവിന്റെ വധശിക്ഷ 25 വര്‍ഷം പരോളില്ലാത്ത തടവായി ഇളവുചെയ്തു. അനുശാന്തിയുടെ അപ്പീല്‍ തള്ളി കീഴ്‌ക്കോടതി വിധി ശരിവെക്കുകയും ചെയ്തു. പ്രതികള്‍ കൈമാറിയ സന്ദേശങ്ങളാണ് അനുശാന്തിയ്‌ക്കെതിരായ വിധി ശരിവെക്കാന്‍ കാരണമായത്.

നിനോ മാത്യുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന്റെ സാക്ഷിമൊഴിയും കേസില്‍ പ്രധാനപ്പെട്ട തെളിവായതായി അഡ്വ. അംബികാദേവി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ശാസ്ത്രീയമായ നിരവധി തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിനോ മാത്യു കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും അടുത്ത ദിവസം തന്നെ കണ്ടെത്താനായതും നിര്‍ണായകമായി. നിനോ മാത്യുവിന്റെ വധശിക്ഷ ഇളവുചെയ്തതിനെതിരേ അപ്പീല്‍ പോകുന്ന കാര്യം വിധിപ്പകര്‍പ്പ് വിശദമായി പഠിച്ച ശേഷം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.