അമേരിക്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഇനിമുതല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ വിവരങ്ങളും ഹാജരാക്കണം. അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും സോഷ്യല്‍ മീഡിയാ ഐഡന്റിറ്റികള്‍ പരിശോധിക്കാനുള്ള ഭേദഗതി കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഫെഡറല്‍ സര്‍ക്കാര്‍. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉപയോഗിച്ചിരുന്ന നവ മാധ്യമങ്ങളുടെ പൂര്‍ണ വിവരങ്ങളും അപേക്ഷയ്ക്ക് ഒപ്പം വിസ അപേക്ഷകര്‍ നല്‍കേണ്ടി വരും. ഇമിഗ്രന്റ്, നോണ്‍ ഇമിഗ്രന്റ് വിസ അപേക്ഷകര്‍ സോഷ്യല്‍ മീഡിയ ഐഡിന്റിറ്റികള്‍ നിര്‍ബന്ധമായും നല്‍കണമെന്നാണ് നിര്‍ദേശം. രാജ്യത്തിനകത്ത് കടക്കുന്ന വിദേശികളെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നത് വഴി തീവ്രവാദ ആക്രമണങ്ങളെ ചെറുക്കുകയാണ് ലക്ഷ്യമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.

ഐഡന്റിറ്റി സ്ഥിരീകരിക്കേണ്ടി വരുന്ന പ്രത്യേക സാഹചര്യങ്ങളിലോ സുരക്ഷ വര്‍ദ്ധിപ്പിച്ച അവസരങ്ങളിലോ മാത്രമായിരുന്നു കോണ്‍സുലാര്‍ ഒഫിഷ്യലുകള്‍ നേരത്തെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. നവമാധ്യമങ്ങള്‍ കഠിന പരിശോധനയ്ക്ക് വിധേയമാക്കുന്നത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഇമിഗ്രന്റ് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്നും ഇവരുടെ വിസ നിഷേധിക്കപ്പെടുന്നതിന് കാരണമാകുമെന്നും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഡയറക്ടര്‍ ഹിന ഷാംസി പറയുന്നു. തീവ്രവാദ പ്രവര്‍ത്തനം എന്ന പ്രയോഗം വളരെ രാഷ്ട്രീയപരമാണ്. അത് ഒരു തെറ്റും ചെയ്യാത്ത കുടിയേറ്റക്കാര്‍ക്കെതിരെ പ്രയോഗിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിസാ ചട്ടത്തിലെ പുതിയ ഭേദഗതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 60 ദിവസം നല്‍കിയിട്ടുണ്ട്. ഇതിനു ശേഷം മാത്രമേ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റ് അന്തിമ തീരുമാനത്തിലെത്തുകയുള്ളു. പുതിയ തീരുമാനം അംഗീകരിക്കപ്പെടുകയാണെങ്കില്‍ വിസ അപേക്ഷിക്കുന്നവര്‍ അന്താരാഷ്ട്ര യാത്രകള്‍ ചെയ്തതിന്റെ വിവരങ്ങള്‍, അഞ്ച് വര്‍ഷത്തിനിടയ്ക്ക് ഉപയോഗിച്ചിരുന്ന ടെലഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ കൂടി ഹാജരാക്കേണ്ടി വരും. ഏതെങ്കില്‍ രാജ്യത്ത് നിന്ന് നാടുകടത്തപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ടോയെന്നും കുടുംബത്തിലെ ആരെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ടോയെന്നും അപേക്ഷകര്‍ വ്യക്തമാക്കേണ്ടി വരുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പറഞ്ഞു.