എറണാകുളം ലോ കോളേജിൽ വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചുവെന്ന് നടി അപർണ ബാലമുരളി. പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോൾ വേദിയിൽ കയറിയ വിദ്യാർഥി കൈയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു.
പിന്നാലെ അപർണ്ണ ബാലമുരളിക്കെതിരെയാണ് വിമർശനങ്ങൾ എത്തിയത്. ആരാധകൻ വിളിച്ചിട്ട് എഴുന്നേറ്റില്ല, മര്യാദ നൽകിയില്ലെന്നാണ് ഉയർന്ന ആരോപണങ്ങൾ. പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി താരം തന്നെ രംഗത്ത് വന്നത്.
ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേൽപിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിർത്താൻ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാൻ പരാതിപ്പെടുന്നില്ല.
പിന്നാലെ പോകാൻ സമയമില്ലെന്നതാണു കാരണം. എന്റെ എതിർപ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടിയെന്ന് അപർണ പറഞ്ഞു. അതേസമയം, സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവർ ഖേദം അറിയിച്ചതായും താരം കൂട്ടിച്ചേർത്തു. സംഭവത്തിൽ അപർണ്ണ ബാലമുരളിയെ പിന്തുണച്ച് എത്തുന്നവരും ഉണ്ട്.
Leave a Reply